ചാരവൃത്തികേസ്; വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്

0
125

ദില്ലി:ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്ലോഗർ, യൂട്യൂബർ ജ്യോതി മൽഹോത്രയെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റ് ചെയ്തിരുന്നു . ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുമുമ്പ് രാജ്യത്ത് ബ്ലാക്ക് ഔട്ട് ഏർപ്പാടുകൾ നടത്തിയതിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ജ്യോതി പാക് ഏജന്റുമാർക്ക് ചോർത്തിയതായി എൻഐഎ കണ്ടെത്തി.

ദില്ലിയിലെ പാക് ഹൈക്കമ്മിഷന്റെ മുൻ ഉദ്യോഗസ്ഥനായ ഡാനിഷുമായുള്ള ചാറ്റുകളിലാണ് ജ്യോതി ഈ വിവരങ്ങൾ പങ്കുവെച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പുറമേ, പാകിസ്ഥാന്റെ ചാരസംഘടന ഐഎസ്ഐയുടെ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്ട്സാപ്പ് ചാറ്റുകൾ നടത്തിയിരുന്നു. ഈ സംഭാഷണങ്ങളിൽ, പാകിസ്ഥാനെ അവർ പ്രശംസിച്ചതോടൊപ്പം ഒരു പാക് പൗരനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും എൻഐഎയ്ക്ക് തെളിവുകൾ ലഭിച്ചു.രഹസ്യവിവരങ്ങൾ കൈമാറാൻ കോഡ് ഭാഷ ഉപയോഗിച്ചിരുന്ന ജ്യോതി, തനിക്ക് പാകിസ്ഥാനുമായി വൈകാരിക ബന്ധമുണ്ടെന്ന് സംഭാഷണങ്ങളിൽ സൂചിപ്പിച്ചിരുന്നു. ഇതേസമയം, ബംഗ്ലാദേശ് സന്ദർശിക്കാനുള്ള പദ്ധതിയും അവർക്കുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വെളിവായി. എന്നാൽ, ഹരിയാന പോലീസ് അറസ്റ്റ് നടത്തിയതോടെ യാത്ര തടഞ്ഞു. പോലീസ് അവരിൽനിന്ന് ബംഗ്ലാദേശ് വിസ ഫോമുകൾ കണ്ടെടുത്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സൈനിക രഹസ്യങ്ങളടക്കം ചോർത്തിയതിന് അറസ്റ്റിലായവരിൽ പ്രധാനിയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര.