കുവൈറ്റ് സിറ്റി : വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യകതയ്ക്കിടയിലും ക്രമീകരിച്ച വൈദ്യുതി മുടക്കമില്ലാതെ ദേശീയ വൈദ്യുതി ശൃംഖലയുടെ സ്ഥിരത നിലനിർത്താൻ കഴിഞ്ഞതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം (MEW) അറിയിച്ചു. പൊതുജനങ്ങളുടെ വൈദ്യുതി-ജല സംരക്ഷണ സഹകരണവും ഗൾഫ് ഇന്റർകണക്ഷൻ ഗ്രിഡിൽ നിന്നുള്ള പിന്തുണയും ഈ നേട്ടത്തിന് നിർണായകമായതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യം തുടരുന്നുണ്ടെങ്കിലും, സീസൺ ആരംഭിച്ചതുമുതൽ ദേശീയ വൈദ്യുതി സംവിധാനത്തിന്റെ സ്ഥിരത നിലനിർത്താൻ മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശേഷിക്കുന്ന വേനൽക്കാലത്തും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രാലയം, ഉപഭോക്താക്കൾ വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കുന്ന ശീലം തുടരണമെന്ന് അഭ്യർഥിച്ചു.
ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള കാലഘട്ടങ്ങളിൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ അനാവശ്യ വൈദ്യുതി-ജല ഉപഭോഗം ഒഴിവാക്കി പൊതുജനങ്ങൾ സഹകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.





























