കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രധാന ആരോഗ്യ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഉന്നതതല യോഗത്തിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ ഇൻഷുറൻസ് ആശുപത്രി പദ്ധതിയുടെ നിർമ്മാണ പുരോഗതിയും വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളും, ദമാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനവും, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടപ്പാക്കലും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തു.
ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്ന വിഭാഗങ്ങളെക്കുറിച്ചും പദ്ധതികളുടെ നിലവിലെ പുരോഗതിയെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദമായി അവലോകനം നടത്തി. പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ പങ്കാളികളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി, സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് അൽ-മർസൂഖ്, പ്രധാനമന്ത്രിയുടെ ഓഫീസ് ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് അൽ-ഖാലിദ്, ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ അൽ-ഖലീഫ, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് സൗദ് അൽ-അബ്ദുൽഅസീസ് എന്നിവർ പങ്കെടുത്തു.





























