കുവൈറ്റ് സിറ്റി : കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് ശനിയാഴ്ച വിവിധ സൈനിക കേന്ദ്രങ്ങളിൽ പരിശോധന നടത്തി. സൈന്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളും പ്രവർത്തന സജ്ജതയും വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-ഷുറൈയാനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സൈനിക ചുമതലകളും ഉത്തരവാദിത്തങ്ങളും പരമാവധി കാര്യക്ഷമതയോടും കഴിവോടും പ്രൊഫഷണലിസത്തോടും കൂടി നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കുവൈത്ത് സൈന്യത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഉയർന്ന തലത്തിലുള്ള സജ്ജത നിലനിർത്തുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സൈനിക കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ആത്മാർഥമായ സേവനത്തെയും മന്ത്രി പ്രശംസിച്ചു. രാജ്യത്തെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ഉത്തരവാദിത്തബോധത്തോടും സമർപ്പണത്തോടും കൂടി ചുമതലകൾ തുടരാൻ അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു.






























