കുവൈറ്റ് സിറ്റി : കുവൈത്തിലെ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (റോഡ് നമ്പർ 40) ഓഗസ്റ്റ് 8 ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി റോഡിലെ വലതുവശത്തെ രണ്ട് ലെയിനുകളും, ബയാൻ പ്രദേശത്തിന് എതിർവശത്തായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലേക്ക് പ്രവേശിക്കുന്ന ബ്രാഞ്ചും അടയ്ക്കും.
നിയന്ത്രണം നിലവിലുള്ള കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ട്രാഫിക് നിർദേശങ്ങളും റോഡ് അടയാളങ്ങളും കൃത്യമായി പിന്തുടരാനും, സാധ്യമെങ്കിൽ ബദൽ റോഡുകൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.
പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ഗതാഗതത്തെ നിയന്ത്രണം ബാധിക്കാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ യാത്രാ സമയം ക്രമീകരിച്ച് മുന്നൊരുക്കങ്ങൾ നടത്തണമെന്നും അധികൃതർ അറിയിച്ചു.






























