ഗ്രാൻഡ് ഹൈപ്പറിന് 50 സ്റ്റോറുകൾ; 50 ദിവസത്തെ ആഘോഷത്തിന് തുടക്കം

0
106

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 50 സ്റ്റോറുകൾ എന്ന നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ‘50 സ്റ്റോറുകൾ, 50 ദിവസങ്ങൾ’ എന്ന പേരിൽ രാജ്യവ്യാപക ആഘോഷത്തിന് തുടക്കമിട്ടു. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 29 വരെയാണ് ആഘോഷ പരിപാടികൾ. കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലായി നടക്കുന്ന ആഘോഷത്തിൽ വൻ പ്രമോഷനുകൾ, സ്റ്റോറുകളിലെ വിനോദ പരിപാടികൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, പ്രത്യേക ഓൺലൈൻ ഓഫറുകൾ എന്നിവ ഉൾപ്പെടും.

അൽ അസിമ, ഹവല്ലി, ഫർവാനിയ, മുബാറക് അൽ കബീർ, അഹ്മദി, ജഹ്റ എന്നീ കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുമായി ഗ്രാൻഡ് ഹൈപ്പറിന് നിലവിൽ 50 സ്റ്റോറുകളാണുള്ളത്. ഗുണനിലവാരം, വൈവിധ്യം, സൗകര്യം എന്നിവ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വർഷങ്ങളായുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ നേട്ടം.

ആഘോഷത്തിന്റെ ഭാഗമായി സൂപ്പർമാർക്കറ്റ്, ഫ്രഷ് പ്രൊഡക്ട്സ്, ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം എസൻഷ്യൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ ദിവസേനയുള്ള ഓഫറുകളും ബണ്ടിൽ ഡീലുകളും പ്രത്യേക ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുത്ത ശാഖകളിൽ ലൈവ് വിനോദ പരിപാടികളും സ്റ്റോറിനുള്ളിലെ വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കുട്ടികൾക്കായി വിവിധ സ്റ്റോറുകളിൽ മത്സരങ്ങളും നടക്കും. വിജയികൾക്ക് സമ്മാനങ്ങളും ലഭിക്കും.

ഗ്രാൻഡ് ഹൈപ്പറിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ഗ്രാൻഡ് ഓൺലൈൻ കുവൈറ്റ്’ വഴിയും ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഡിജിറ്റൽ പ്രമോഷനുകളും ആപ്പ് എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ഹോം ഡെലിവറി സൗകര്യവും ലഭ്യമാകും.

കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലുമായി 50 സ്റ്റോറുകളിലെത്തിയത് അഭിമാനകരമായ നേട്ടമാണെന്ന് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു. വർഷങ്ങളായി സ്ഥാപനത്തെ വിശ്വസിച്ച ഉപഭോക്താക്കൾക്കുള്ള നന്ദിയായാണ് 50 ദിവസത്തെ ആഘോഷം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാൻഡ് ഹൈപ്പർ ഹവല്ലി കോർപ്പറേറ്റ് ഓഫീസിൽ നടന്ന സ്വകാര്യ ചടങ്ങിൽ അയ്യൂബ് കച്ചേരി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സി.ഇ.ഒ മുഹമ്മദ് സുനീർ, സി.സി.ഒ ഒ. ഷരീഫ്, ജനറൽ മാനേജർ കുബേര റാവു എന്നിവരും മറ്റ് കോർപ്പറേറ്റ് മാനേജർമാരും ചടങ്ങിൽ പങ്കെടുത്തു.