അപകടകരമായ ഡ്രൈവിങ്; കുവൈത്തിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

0
14

കുവൈത്ത് സിറ്റി: അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത രണ്ട് പേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ ഇരുവരും വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നിയമനടപടികൾ സ്വീകരിച്ച് ഇരുവരെയും സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവങ്ങൾക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങളും നിയമനടപടികളുടെ ഭാഗമായി പിടിച്ചെടുത്തു.

ജീവനും സ്വത്തിനും അപകടം സൃഷ്ടിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.