കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ , തീവ്രവാദ ധനസഹായം തടയൽ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കുവൈത്തിലെ 11 ചെറുകിട, ഇടത്തരം മണി എക്സ്ചേഞ്ച് കമ്പനികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
കമ്പനികൾ തങ്ങളുടെ സംവിധാനങ്ങളും നടപടിക്രമങ്ങളും പുതുക്കണമെന്നും പണമിടപാടുകളുടെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്നും കുവൈത്ത് സെൻട്രൽ ബാങ്കും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും നിർദേശിച്ചു.
സങ്കീർണവും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഇടപാടുകളിൽ കൂടുതൽ വിശദമായ പരിശോധന നടത്തണമെന്നും സംശയാസ്പദമായ പണമിടപാടുകൾ നേരത്തേ കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്. കൂടാതെ, ആസ്തി മരവിപ്പിക്കാൻ ഉത്തരവിട്ടിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടു.
ഉയർന്ന അപകടസാധ്യതയുള്ള ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അധികാരപരിധികളിലേക്കും തിരിച്ചുമുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെ മേൽനോട്ടം കർശനമാക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണ നടപടി.






























