ഭിന്നിപ്പിച്ച് ഭരിക്കാമെന്ന  ഫാഷിസ്റ്റ് അജണ്ട അമ്പേ പരാജയം : കെ.ഇ.എൻ

 

 

 

 

സാൽമിയ :  ജനാധിപത്യ മത നിരപേക്ഷ സമൂഹത്തിന്റെ  സമാനതകളില്ലാത്ത പ്രക്ഷോഭ സമരം കാരണം ഭാരതീയ ജനതയെ ഭിന്നിപ്പിച്ച്  ഭരിക്കാമെന്ന ഫാഷിസ്റ്റ് അജണ്ട പരാജയപ്പെട്ടുവെന്നും പൂർവ്വികർ ആത്മാഭിമാനത്തോടെ ജീവിച്ച മണ്ണിൽ വേവലാതിപ്പെടാതെ നിലകൊള്ളണമെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രസ്താവിച്ചു.

.

ജാതി വ്യവസ്ഥക്ക് മേൽക്കോയ്മ സൃഷ്ടിച്ചു ഞങ്ങളുടെ ഭാരതം നിങ്ങളുടെ ഇന്ത്യ എന്ന വേർതിരിവിൽ ജനങ്ങളെ ബഹിഷ്കൃതരാക്കി,  ആധുനിക ഫാഷിസം നടപ്പിലാക്കുന്ന  സാഹചര്യത്തിൽ ‘ആസാദി’ എന്ന ദേശീയോദ്ഗ്രഥന മുദ്രാവാക്യത്തിൽ എല്ലവരും ഐക്യപ്പെടണമെന്നും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച പതിനൊന്നാമത് എഡിഷൻ സാഹിത്യോസവ് സമാപന ചടങ്ങിൽ നടത്തിയ  സാംസ്കാരിക പ്രഭാഷണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

 

സാംസ്‌കാരിക സമ്മേളനം ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ TVS ഗ്രുപ്പ് ചെയർമാൻ ഡോ: ഹൈദർ അലി ഉദ്ഘാടനം ചെയ്തു. ICF നാഷനൽ ഫൈനാൻസ് കൺവീനർ അഹ്മദ് കെ.മാണിയൂർ RSC ഡിജിറ്റൽ മെമ്പർഷിപ്പ് ലോഞ്ചിങ് നിർവഹിച്ചു. സയിദ് ഹബീബ് ബുഖാരി, സയ്യിദ് സൈദലവി സഖാഫി തങ്ങൾ,അഡ്വ.തൻവീർ ഉമർ, അലവി സഖാഫി തെഞ്ചേരി, അബ്ദുള്ള വടകര, RSC നാഷനൽ ചെയർമാൻ റഷീദ് മോങ്ങം, കൺവീനർ ശിഹാബ് വണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തീൽ എന്നിവർ സംസാരിച്ചു.

 

വിവിധ സെൻട്രലുകളിൽ നിന്ന് പ്രതിഭകളായ 500 ലധികം മത്സരാർത്ഥികൾ  പങ്കെടുത്ത പതിനൊന്നാമത് എഡിഷൻ സാഹിത്യോസവിൽ ഫർവ്വാനിയ, കുവൈത്ത് സിറ്റി, ഫഹാഹീൽ സെൻട്രലുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ  കരസ്ഥമാക്കി.

 

സാഹിത്യോത്സവിനോടനുബന്ധിച്ചു കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപിച്ച പ്രഥമ കലാലയം പുരസ്‌കാരം ശ്രീ.കെ ഇ എൻ വിതരണം ചെയ്തു. പ്രബന്ധം, കഥ, കവിത എന്നീ വിഭാഗത്തിൽ ഹനീഫ വെള്ളച്ചാൽ, സാജു സ്റ്റീഫൻ, സുമയ്യ സിറാജ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്