ഐ.സി.എസ്.കെ ഖൈത്താൻ ഇൻവെസ്റ്റിച്ചർ സെറിമണി 2026 നടന്നു

0
11

കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈത്ത് (ICSK) ഖൈത്താൻ ക്യാമ്പസിൽ 2026–27 അധ്യയന വർഷത്തേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് സെനറ്റിന്റെ ഔദ്യോഗിക ചുമതലയേൽപ്പ് ചടങ്ങായ ഇൻവെസ്റ്റിച്ചർ സെറിമണി മെയ് 11-ന് നടന്നു. ജനാധിപത്യ മൂല്യങ്ങൾ, നേതൃപാടവം, വിദ്യാർത്ഥി പങ്കാളിത്തം എന്നിവ വളർത്തിയെടുക്കാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്.

സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ സെനറ്റിന് വിദ്യാർത്ഥി സമൂഹത്തെ ആത്മാർത്ഥതയോടും ഉത്തരവാദിത്തത്തോടും കൂടി പ്രതിനിധീകരിക്കാനുള്ള ചുമതല കൈമാറി. കുവൈത്ത് ഓയിൽ കമ്പനിയിലെ പോർട്ട് ക്യാപ്റ്റൻ ക്യാപ്റ്റൻ ജഗ്ദീപ് സിംഗ് റംഗി മുഖ്യാതിഥിയായി പങ്കെടുത്തു.കോഴ് സെനറ്റ് അംഗങ്ങളും ഹൗസ് ക്യാപ്റ്റൻമാരും വൈസ് ക്യാപ്റ്റൻമാരും ചേർന്ന് മുഖ്യാതിഥിക്ക് ഗാർഡ് ഓഫ് ഓണറും സല്യൂട്ടും അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിദ്യാർത്ഥി നേതാക്കളുടെ അച്ചടക്കവും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്ന മാർച്ച് പാസ്റ്റും നടന്നു.

വിശുദ്ധ ഖുർആൻ പാരായണത്തോടെയും കുവൈത്ത് ദേശീയഗാനത്തോടെയും ചടങ്ങിന് തുടക്കമായി. തുടർന്ന് മുഖ്യാതിഥിയായ ക്യാപ്റ്റൻ ജഗ്ദീപ് സിംഗ് റംഗിയും സ്കൂൾ പ്രിൻസിപ്പൽ കെ. ഗംഗാധർ ശിർസാത്തും ചേർന്ന് ദീപം തെളിച്ചു. കലാപരമായ മികവും സാംസ്കാരിക പൈതൃകത്തോടുള്ള ആദരവുമെല്ലാം വിളിച്ചോതുന്ന ക്ലാസിക്കൽ നൃത്താവതരണവും ചടങ്ങിന് മാറ്റുകൂട്ടി. സ്വാഗതപ്രസംഗത്തിൽ പ്രിൻസിപ്പൽ കെ. ഗംഗാധർ ശിർസാത്ത് വിദ്യാർത്ഥി നേതാക്കളുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി. വ്യക്തമായ ദർശനവും സമൂഹസേവന മനോഭാവവും നല്ല നേതൃപാടവത്തിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിന്റെ പ്രധാന ആകർഷണമായി കോർ സെനറ്റ്, ജൂനിയർ സെനറ്റ്, ഹൗസ് ക്യാപ്റ്റൻമാർ, വൈസ് ക്യാപ്റ്റൻമാർ എന്നിവരുടെ ഔദ്യോഗിക ചുമതലയേൽപ്പ് നടന്നു. മുഖ്യാതിഥി വിദ്യാർത്ഥി നേതാക്കൾക്ക് ബാഡ്ജുകൾ അണിയിച്ചു. വൈസ് പ്രിൻസിപ്പൽ സുശ്മീത പ്രകാശ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രസംഗത്തിൽ ക്യാപ്റ്റൻ ജഗ്ദീപ് സിംഗ് റംഗി തന്റെ പ്രൊഫഷണൽ ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. നല്ല നേതാവിന്റെ ഗുണങ്ങൾ, ലക്ഷ്യസാക്ഷാത്കാരത്തിനുള്ള സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യം, ഇന്നത്തെ ലോകത്തിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

2025–26 അധ്യയന വർഷത്തിലെ മികച്ച വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽസ് അക്കാദമിക് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ 500ൽ 500 മാർക്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ച അയ്മാൻ മുഹമ്മദ് പ്രത്യേക ആദരവും ഏറ്റുവാങ്ങി. പുതുതായി ചുമതലയേറ്റ വിദ്യാർത്ഥി നേതാക്കളുടെ സേവന-നേതൃത്വ യാത്രയ്ക്ക് തുടക്കമാകുന്ന ചടങ്ങായി ഇൻവെസ്റ്റിച്ചർ സെറിമണി മാറി.