കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ജനറൽ ഫയർ ഫോഴ്‌സ് പരിശോധനാ കാമ്പയിൻ നടത്തി. അഗ്നിബാധ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും സ്ഥാപനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ജനറൽ ഫയർ ഫോഴ്‌സിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 77 സ്ഥാപനങ്ങൾക്ക് നോട്ടീസും മുന്നറിയിപ്പും നൽകുകയും ചെയ്തു.
അഗ്നിബാധാ പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിശോധനാ കാമ്പയിൻ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.






























