കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 11-ാമത് ആയുർവേദ ദിനാചാരണം ആഘോഷിച്ചു

0
12

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 11-ാമത് ആയുർവേദ ദിനാചരണം സെപ്റ്റംബർ 23ന് എംബസി പരിസരത്ത് നടന്നു. ആയുർവേദ വിദഗ്ധർ, വെൽനസ് വിദഗ്ധർ, ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഇന്ത്യൻ സമൂഹാംഗങ്ങൾ തുടങ്ങി 200ലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

ആയുർവേദത്തിന്റെ ഗുണങ്ങളും സമഗ്ര ആരോഗ്യപരിപാലനത്തിലെ പ്രാധാന്യവും പരിചയപ്പെടുത്തുന്ന വിദഗ്ധ പ്രഭാഷണങ്ങൾ, അവതരണങ്ങൾ, ആയുർവേദ-ആരോഗ്യ ജീവിതശൈലി പ്രദർശനം, ആരോഗ്യകരമായ ഭക്ഷണ സ്റ്റാളുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ കോട്ടേച്ചയുടെ വീഡിയോ സന്ദേശത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ചടങ്ങിൽ സംസാരിച്ചു. ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനത്തിന്റെയും ആരോഗ്യ പൈതൃകത്തിന്റെയും പ്രധാന ഭാഗമായ ആയുർവേദത്തിന് ആഗോളതലത്തിൽ ലഭിച്ചുവരുന്ന അംഗീകാരവും അവർ ചൂണ്ടിക്കാട്ടി.

സമ്മർദ നിയന്ത്രണം, മെച്ചപ്പെട്ട ഉറക്കം, പ്രതിരോധ ആരോഗ്യപരിപാലനം തുടങ്ങിയ ആധുനിക ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളായിരുന്നു വിദഗ്ധ സെഷനുകളുടെ പ്രധാന ശ്രദ്ധ. രൂപേഷ് രവി ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിപാലനത്തിന്റെയും ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. ഡോ. ഗൗരി ഭഗവത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും ആയുർവേദത്തിന്റെ പങ്കിനെക്കുറിച്ച് ക്ലാസ് നയിച്ചു.

സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് (CIS)യും KMS കളരിയും സംയുക്തമായി അവതരിപ്പിച്ച കളരി-യോഗ പ്രകടനത്തിൽ കളരിപ്പയറ്റിന്റെയും യോഗയുടെയും വിവിധ ഘടകങ്ങൾ അവതരിപ്പിച്ചു. ശാരീരിക അച്ചടക്കം, സന്തുലിതാവസ്ഥ, ആരോഗ്യകരമായ ജീവിതം എന്നിവയുടെ പ്രാധാന്യം പ്രകടനം ഉയർത്തിക്കാട്ടി.

കുവൈത്തിലെ ആയുർവേദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ, ആരോഗ്യ-വെൽനസ് രീതികൾ, ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പ്രദർശനവും ശ്രദ്ധേയമായി.

കുവൈത്തിൽ ആയുർവേദത്തെയും സമഗ്ര ആരോഗ്യപരിപാലനത്തെയും കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധം ഉയർത്തിക്കാട്ടുന്നതോടൊപ്പം ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ-ക്ഷേമ രീതികൾ വിശാലമായ സമൂഹത്തിലേക്ക് എത്തിക്കാനും പരിപാടി ലക്ഷ്യമിട്ടു.