ഇന്ത്യ–കുവൈത്ത് ബന്ധം ശക്തിപ്പെടുത്താൻ തുടർസഹകരണം; ഐബിപിസി പ്രതിനിധിസംഘം അംബാസഡറെ സന്ദർശിച്ചു

0
11

ന്യൂഡൽഹി: ഇന്ത്യ–കുവൈത്ത് വ്യാപാര, സാംസ്കാരിക, പ്രൊഫഷണൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തുടർസഹകരണം ഉറപ്പുനൽകി കുവൈത്ത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) കുവൈത്ത് പ്രതിനിധിസംഘം ന്യൂഡൽഹിയിലെ കുവൈത്ത് അംബാസഡർ മിഷാൽ അൽ ഷമാലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഉഭയകക്ഷി വ്യാപാരം, സാംസ്കാരിക വിനിമയം, പ്രൊഫഷണൽ സഹകരണം തുടങ്ങിയ മേഖലകളിൽ ഐബിപിസി നടത്തുന്ന പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യ–കുവൈത്ത് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന പരമ്പരാഗത അറബ് പായ്ക്കപ്പലിന്റെ മാതൃകയും അംബാസഡർ പ്രതിനിധിസംഘത്തിന് പരിചയപ്പെടുത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്രവ്യാപാര ബന്ധത്തിന്റെ പ്രതീകമാണിതെന്ന് അദ്ദേഹം പറഞ്ഞു.

2024 ഡിസംബറിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തോടെ ബന്ധത്തിന് പുതിയ ഊർജം ലഭിച്ചതായും അംബാസഡർ ചൂണ്ടിക്കാട്ടി. സന്ദർശനത്തോടെ ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർന്നതായും പ്രതിരോധം, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് പുതിയ സാധ്യതകൾ തുറന്നതായും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ “ജീവിക്കുന്ന പാലം” ആണെന്നും അംബാസഡർ വിശേഷിപ്പിച്ചു.

ഐബിപിസി ഓണററി ചെയർമാൻ കൈസർ ടി. ഷാക്കിർ, ഓണററി സെക്രട്ടറി സുരേഷ് കെ.പി., ഓണററി ജോയിന്റ് സെക്രട്ടറി സുനിത അറോറ, മുതിർന്ന അംഗങ്ങളായ എസ്.കെ. വധവാൻ, അശോക് കൽറ, അസദ് ഖാൻ എന്നിവർ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായാണ് സംഘം ഇന്ത്യയിലെത്തിയത്.