കുവൈത്ത് സിറ്റി : കുവൈത്തിലെ സെൻട്രൽ ബാങ്ക് (CBK), ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിങ് സർവീസസ് കമ്പനിയായ കെ-നെറ്റിന്റെ (KNET) രജിസ്റ്റർ ചെയ്ത പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി. ഇലക്ട്രോണിക് പേയ്മെന്റ് സേവനദാതാക്കളുടെയും ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങളുടെയും രജിസ്റ്ററിലാണ് ഭേദഗതി വരുത്തിയത്.
കമ്പനിയുടെ സ്വന്തം ആവശ്യത്തിനായി ഭൂമിയും റിയൽ എസ്റ്റേറ്റും വാങ്ങുകയും വിൽക്കുകയും ചെയ്യുക, സ്വന്തം നേട്ടത്തിനായി സ്ഥാവര-ജംഗമ സ്വത്തുക്കൾ സ്വന്തമാക്കുക, സർക്കാരിനായി തപാൽ സ്റ്റാമ്പുകൾ, സാമ്പത്തിക സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ എന്നിവയും ചെക്കുകളും ഉടമസ്ഥാവകാശ രേഖകളും അച്ചടിക്കുക, പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ശേഖരിക്കുകയും കൈമാറുകയും ചെയ്യുക എന്നീ നാല് പ്രവർത്തനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.
അതേസമയം, നേരിട്ടുള്ള പോയിന്റ് ഓഫ് സെയിൽ (POS) ഉപകരണങ്ങൾ വഴിയുള്ള പിരിവ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ബിൽ പിരിവ് കെ-നെറ്റിന്റെ രജിസ്റ്റർ ചെയ്ത പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കി.






























