കുവൈത്ത് സിറ്റി: ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് “ഗാന്ധിജിയെ കണ്ടെത്താം“ എന്ന പേരിൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് ആദിൽ റിജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിന് മേഖല സെക്രട്ടറി ചാരുലക്ഷ്മി സ്വാഗതം ആശംസിച്ചു, കല കുവൈറ്റ് ട്രെഷറർ സുരേഷ് പി.ബി മത്സരം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഡിനേറ്റർ ജ്യോതിഷ് പി.ജി, ബാലവേദി പ്രസിഡന്റ് കീർത്തന ഷാനി, ബാലവേദി മേഖല കൺവീനർ ബിജു വിദ്യാനന്ദൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന് ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സമിതിയംഗം രാജലക്ഷ്മി ഷൈമേഷ് നന്ദി പറഞ്ഞു.
വിവിധ ക്ലബ്ബുകളിൽ നിന്ന് 8 ടീമുകളിലായി 40 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ആയി ബാലവേദി മുൻ കേന്ദ്ര രക്ഷാധികാരി സമിതി കോർഡിനേറ്റർ ശങ്കർ റാം മത്സരം നിയന്ത്രിച്ചു.
വാശിയേറിയ മത്സരത്തിനൊടുവിൽ നവകൈരളി ക്ലബ് ഒന്നാം സ്ഥാനവും, ആര്യഭട്ട ക്ലബ് രണ്ടാം സ്ഥാനവും നേടിയപ്പോൾ സുഭാഷ് ചന്ദ്രബോസ് ക്ലബ്ബും ,മഴത്തുള്ളി ക്ലബ്ബും മൂന്നാം സ്ഥാനം പങ്കിട്ടു. കുട്ടികളും രക്ഷിതാക്കളുമടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

































