മലയാളം മിഷൻ നീലക്കുറിഞ്ഞി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന് നൂറുമേനി

0
17

കുവൈത്ത് സിറ്റി: മലയാളം മിഷൻ നീലക്കുറിഞ്ഞി 2026 പരീക്ഷയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന് അഭിമാന നേട്ടം. പരീക്ഷാഭവൻ പ്രസിദ്ധീകരിച്ച ഫലത്തിൽ നൂറ് ശതമാനം മാർക്ക് നേടിയ അഞ്ചു, വിദ്യാർത്ഥികളിൽ രണ്ടുപേർ ലിയ റോസ് ബിജുവും ഡാനി ജോൺ തോമസും കുവൈറ്റ് ചാപ്റ്ററിന്റെ ഭാഗമായ കല കുവൈറ്റ് മേഖലയിൽനിന്ന് പരീക്ഷയെഴുതിയവരാണ്.

മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയർ സർട്ടിഫിക്കറ്റ് കേരള സർക്കാരിന്റെ പത്താം ക്ലാസ് ഭാഷാപ്രാവീണ്യത്തിന് തുല്യമായ യോഗ്യതയാണ്. ഉപരിപഠനത്തിനും വിവിധ തൊഴിൽ അവസരങ്ങൾക്കും ഈ സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും. കുവൈറ്റിൽ നിന്ന് കല കുവൈറ്റ്‌, എസ്.എം.സി.എ എന്നീ മേഖലകളിൽ നിന്നുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത്.

കുട്ടികളുടെ കഠിനാധ്വാനത്തിനൊപ്പം രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ കൃത്യമായ മാർഗനിർദേശവുമാണ് മികച്ച വിജയത്തിന് പിന്നിലെന്നും പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായി മലയാളം മിഷൻ കുവൈറ്റ്‌ ചാപ്‌റ്റർ ഭാരവാഹികൾ അറിയിച്ചു.

ഇത്തരം നേട്ടങ്ങൾ കുട്ടികളിൽ മാതൃഭാഷാ പഠനത്തോടുള്ള താൽപ്പര്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.