കുവൈത്ത് സിറ്റി: പ്രവാസികളുടെ മനസ്സിൽ സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന് ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓണപ്പെരുമ 2026’ വർണാഭമായ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. കുവൈത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തിയും പ്രവാസി കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ ആഘോഷം കേരളത്തിന്റെ തനിമയും സംസ്കാരവും പ്രവാസലോകത്ത് പുനരാവിഷ്കരിച്ച മഹാസംഗമമായി മാറി.
ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച ചടങ്ങ് പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി പങ്കെടുത്ത കുന്നത്തൂർ എം.എൽ.എയും ആർ.എസ്.പി. നേതാവുമായ ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. പാട്ടും കവിതയും ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ കലാവിരുന്ന് സദസ്സിന് ആവേശമായി. കുവൈത്തിലെ പ്രവാസികളുടെ കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും നാടിന്റെ വികസനസാധ്യതകളെക്കുറിച്ചും എം.ജെ. സെബാസ്റ്റ്യൻ സംസാരിച്ചു.
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, ടി.വി.എസ് കാർഗോ ആൻഡ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ഡോ. എം.എസ്. ഹൈദർ അലി, ഇൻകാസ് കുവൈത്ത് വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, പ്രോഗ്രാം കൺവീനർ ജെയിംസ് വി. കൊട്ടാരം, മീഡിയ കൺവീനർ മധു മാഹി, വനിതാ കൺവീനർ സാറാമ്മ ജോൺസ്, യൂത്ത് വിങ് കൺവീനർ ഒസാമ വാഹിദ്, പ്രോഗ്രാം ജോയിന്റ് കൺവീനർ ബിജു അലക്സാണ്ടർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അനൂപ് സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും പറഞ്ഞു.
വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ഷെറിൻ മാത്യു കൊട്ടാരം, തമ്പി ലൂക്കോസ് എന്നിവർ ചേർന്ന് കൈമാറി. ജില്ലാ കൺവീനർമാർ അതിഥികളെയും മറ്റുള്ളവരെയും ഷാൾ അണിയിച്ച് ആദരിച്ചു. ആഘോഷത്തിന് പിന്തുണ നൽകിയ സ്പോൺസർമാർക്കുള്ള മൊമെന്റോകളും ചടങ്ങിൽ വിതരണം ചെയ്തു.
കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെയും പ്രവാസികളുടെയും സാന്നിധ്യത്തിൽ രാവിലെ നടന്ന പരിപാടിയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളും സംഗീതവിരുന്നുകളും അരങ്ങേറി. നാടൻപാട്ടുകൾ, സിനിമാഗാനങ്ങൾ, ഫ്യൂഷൻ മ്യൂസിക്, നാടോടിനൃത്തങ്ങൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, റോക്ക് ഡാൻസ്, തിരുവാതിര തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തിന് നിറപ്പകിട്ടേകി. മഹാബലിയുടെ പ്രൗഢഗംഭീരമായ വരവും ശ്രദ്ധേയമായി. പൗർണ്ണമി സംഗീതും ആൻസി സോണിയും അവതാരകരായി പരിപാടികൾ മികവുറ്റതാക്കി.
പ്രതിസന്ധികളെ അതിജീവിച്ച് ഇൻകാസ് പ്രവർത്തകരും കുടുംബാംഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ആഘോഷത്തിന്റെ വിജയത്തിന് കരുത്തായത്. പങ്കെടുത്ത എല്ലാവർക്കുമായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഇൻകാസ് കുവൈത്തിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ പ്രശംസിക്കുകയും തുടർപ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
ഇൻകാസ് കുവൈത്തിൽ അംഗത്വമെടുക്കാൻ താൽപര്യപ്പെട്ടെത്തിയ നിരവധി പേർക്ക് പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യൻ അംഗത്വം നൽകി.
ഷിജു ഓതറ, ജെറി ജോൺ കോശി, അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, അനിൽ വള്ളികുന്നം, റോമാനസ് പെയ്റ്റൻ, ബെൽജു ബെൻ, ലിബി ഇടുക്കി, ജിയോ തോമസ്, സുനിൽ ജിത്ത് മണ്ണാർകാട്, ജോൺ തോമസ് കൊല്ലകടവ്, ഷിബു തയ്യിൽ കുമരകം, നവീൻ ജോസ്, വിജയലക്ഷ്മി, സുമിത് സൈമൺ, ലീൻ ഔസേപ്പ്, ടോം തിരുവനന്തപുരം, കൃഷ്ണ പ്രസാദ്, എബി വയനാട്, ജിജി നൈനാൻ, ശശി വലിയകുളങ്ങര, ബിജു ദാനിയേൽ, അജു ആൽബർട്ട്, സോഷി സോമൻ, രഞ്ചു ഗീവർഗീസ്, വിനേഷ് ജോർജ് വയനാട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

































