കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. രാജ്യത്തിന്റെ ഭരണാധികാരികൾ ഭരണഘടനയുടെ സംരക്ഷകരാകണം. എന്നാൽ ഭരണ ഘടനയെ കശാപ്പ് ചെയ്യുന്ന നിലപാടാണ് ഇന്ന് ഭരണാധികാരികൾ സ്വീകരിക്കുന്നത്; ഇത് അനുവദിച്ചുകൊടുക്കരുതെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ഹവല്ലി അൽസീറിൽ നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനാധിപത്യ സംരക്ഷകരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ചോർച്ചയ്ക്ക് കൂട്ടുനിന്നു എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും യോഗം വിലയിരുത്തി. ജനാധിപത്യ സംരക്ഷണത്തിനായി ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അടുത്ത വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ നടക്കുന്ന വിദ്യാർത്ഥികളുടെ കലാമേളയായ ‘ടാലന്റീയാ ഫെസ്റ്റ്’ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തി.
നവംബർ മാസത്തിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ പ്രമുഖ ഖാരിഅ് നൗഷാദ് കാക്കവയൽ പങ്കെടുക്കും.
യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം, സിദ്ധീഖ് മദനി, സഅദ് പുളിക്കൽ, അനസ് മുഹമ്മദ്, ടി.എം. അബ്ദുറഷീദ് എന്നിവർ സംസാരിച്ചു.

































