കുവൈത്ത് സിറ്റി: കേന്ദ്ര സർക്കാരിന്റെ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്യാംപയിൻ 6.0 സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. ഒക്ടോബർ 28നാണ് എംബസി പരിസരത്ത് ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയത്. സർക്കാർ ഓഫീസുകളിലെ ശുചിത്വം ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ഫയലുകളും തീർപ്പാകാത്ത കാര്യങ്ങളും കൈകാര്യം ചെയ്യുക, ഓഫീസ് പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക ക്യാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സർക്കാർ ഓഫീസുകളിൽ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനൊപ്പം കാലഹരണപ്പെട്ട രേഖകൾ കൃത്യമായി നീക്കം ചെയ്യുക, ജോലിസ്ഥലത്തെ കാര്യക്ഷമത വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) ശേഖരണത്തിനും ശാസ്ത്രീയമായ നിർമാർജനത്തിനുമാണ് ഇത്തവണ പ്രത്യേക ഊന്നൽ നൽകുന്നത്.
ക്യാംപയിന്റെ ഭാഗമായി എംബസി പരിസരത്ത് ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ഇലക്ട്രോണിക് മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത വിധത്തിൽ സംസ്കരിക്കുന്നതിന്റെ പ്രാധാന്യവും പ്രവർത്തനങ്ങളിലൂടെ ഉയർത്തിക്കാട്ടി.
എംബസി പരിസരത്തെ ശുചിത്വവും വൃത്തിയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ശുചീകരണ തൊഴിലാളികളായ സഫായി മിത്രങ്ങളുടെ സേവനത്തെയും ചടങ്ങിൽ അംഗീകരിച്ചു. വൃത്തിയുള്ളതും ആരോഗ്യകരവും ചിട്ടയുള്ളതുമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിൽ അവരുടെ സമർപ്പിത പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യവും എടുത്തുപറഞ്ഞു.
സുസ്ഥിരമായ പ്രവർത്തനരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്യാംപയിൻ 6.0ന്റെ ഭാഗമായി തുടർന്നും പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
































