തിരുവനന്തപുരം:പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയതിന് പിറകെ രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടിയുമായി സംസ്ഥാന സർക്കാർ. ജനുവരി 1 മുതൽ ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1500 രൂപയാക്കും. റേഷൻകാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല്‌മാസംകൂടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 80 ലക്ഷം കുടുംബങ്ങളാണ് ഇതിൻറെ ഗുണഭോക്താക്കൾ ആകുന്നത് .
രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്‌ഘാടനം മാർച്ച് 31നകം നടക്കും. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.
































