കുവൈത്തിൽ നിന്ന് കണ്ണൂർ, കാലിക്കറ്റ് ലക്ഷ്യമാക്കി നടക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം പ്രവാസി മലയാളികൾക്ക് വലിയ തിരിച്ചടിയാണെന്ന് പി.സി.എഫ് കുവൈറ്റ് വിലയിരുത്തി.
ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് കുവൈത്തിൽ, ആയിരക്കണക്കിന് മലയാളികൾ തൊഴിൽ ചെയ്യുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ജനജീവിതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിർണായക സൗകര്യങ്ങളാണ്. ഈ സർവീസുകൾ നിർത്തലാക്കുന്നത് പ്രവാസികളുടെ സമയം, സാമ്പത്തിക ബാധ്യത, കുടുംബ ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന ഈ സർവീസുകൾ യാതൊരു മുൻകരുതലും അറിയിപ്പും കൂടാതെ റദ്ദാക്കിയത് അംഗീകരിക്കാനാവാത്തതാണ്. കേരള സർക്കാരും കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെട്ട് കണ്ണൂർ, കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നു പി.സി.എഫ് കുവൈറ്റ് ആവശ്യപ്പെട്ടു.






























