വൃതവിശുദ്ധിയുടെ നിറവിൽ പ്രവാസികളുടെ  രക്തദാനം

0
12

 

കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ,  അടിയന്തിര രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു. പരിശുദ്ധ  റമദാൻ  കാലത്ത് ഉണ്ടാകാനിടയുള്ള രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത്, കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് കുവൈത്തിലെ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലും, ലേബർ ക്യാമ്പുകളുടെ കേന്ദ്രമായ മഹബുലയിലും പ്രത്യേക രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചത്. ബിഡികെ കുവൈത്ത് ടീം 2019 ൽ വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പിന്തുണയോടെ സംഘടിപ്പിക്കുന്ന എട്ടാമത്തെ ക്യാമ്പ് ആണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ഈ വൃതാനുഷ്ഠാനകാലത്ത് തന്നെ ഒരു ക്യാമ്പ് കൂടി ഈ വരുന്ന 24 ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

സെൻട്രൽ ബ്ലഡ് ബാങ്കിന്റെ ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ നാൽപതോളം വരുന്ന മെഡിക്കൽ സംഘമാണ് ക്യാമ്പുകളുടെ നടത്തിപ്പിനായി രണ്ടു കേന്ദ്രങ്ങളിലുമായി എത്തിയത്.

രാത്രി എട്ടു മുതൽ പന്ത്രണ്ട് വരെ നടത്തിയ ക്യാമ്പിന് അഭൂത പൂർവ്വമായ പ്രതികരണമാണ് പ്രവാസലോകത്ത് നിന്നും ലഭിച്ചത്. ഇരു ക്യാമ്പുകളിലുമായി നോമ്പെടുക്കുന്നവരും, സ്ത്രീകളും ഉൾപ്പെടെ ഇരുന്നൂറിലധികം പേർ രക്തദാനം നടത്തിയപ്പോൾ, നൂറോളം പേർക്ക് സമയപരിമിതി മൂലം മടങ്ങി പോകേണ്ടി വന്നു.

ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വഃ ജോൺ തോമസ് നിർവഹിച്ചു. രക്തദാനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുളള ബിഡികെ കുവൈത്തിന്റെ വെബ് സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രതിനിധി ഡോ. ആന്റണി സെബാസ്റ്റ്യൻ ഡിക്രൂസ് നിർവഹിച്ചു. കുവൈത്തിലെ പ്രമുഖ വെബ് ഡിസൈൻ സ്ഥാപനമായ ജമന്തി ഡിസൈൻ ആണ് ബിഡികെ കുവൈത്തിന് സൗജന്യമായി വെബ് സൈറ്റ് നിർമിച്ചു നൽകിയത്. രക്തദാനതത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, രക്താവശ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സൌകര്യം കൂടാതെ രക്തദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൌകര്യവും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകകേരള സഭാംഗം സാം പൈനുമ്മൂട്, വിവിധ സംഘടനാ നേതാക്കളായ ബാബുജി ബത്തേരി, റോജി മാത്യു, മനോജ് പരിമണം, അനിൽ ആനാട്, ഷാഫി കെ.കെഎം.എ., സ്പോൺസർമാരെ പ്രതിനിധീകരിച്ച് ലിജോ -യൂണിമണി, നിഷാദ് – അൽ അവ്താർ, ബിഡികെ കുവൈത്ത് അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ, ജസ്റ്റിൻ ജമന്തി എന്നിവർ ക്യാമ്പിൽ പങ്കെടുത്തവർക്ക് ആശംസകൾ നേർന്നു. പ്രസിഡണ്ട് രഘുബാൽ തെങ്ങുംതുണ്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോ. സെക്രട്ടറി റോസ്മിൻ സോയൂസ് സ്വാഗതവും, രക്ഷാധികാരി മനോജ് മാവേലിക്കര നന്ദിയും രേഖപ്പെടുത്തി.

രാജേഷ് ആർ ജെ, രമേശൻ ടി. എം.,  പ്രവീൺ എന്നിവർ ക്യാമ്പുകളുടെ ഏകോപനം നടത്തി. ജയകൃഷ്ണൻ, യമുന രഘുബാൽ, പ്രശാന്ത് കൊയിലാണ്ടി, ശരത് കാട്ടൂർ,സോയൂസ് ടോം ജോസ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം സന്നദ്ധപ്രവർത്തകർ ക്യാമ്പുകളുടെ വിജയത്തിനായി രണ്ട് ദിവസങ്ങളിലായി രാത്രി വൈകിയും പ്രവർത്തിച്ചു.