തൃശൂര്‍ പൂരത്തിന് തുടക്കമായി

ചെറുപൂരങ്ങൾ വടക്കുംനാഥൻ്റെ മണ്ണിലേക്ക് എത്തിയതോടെ പൂരപ്രേമികളുടെ മനസിൽ ആവേശം നിറച്ച് തൃശൂര്‍ പൂരത്തിന് തുടക്കമായി. ആയിരക്കണക്കിന് ആളുകൾ തേക്കിൻകാട് മൈതാനിയിൽ ആരവങ്ങള്‍ മുഴക്കി പൂരം ആഘോഷിക്കുകയാണ്. മഠത്തിൽ വരവ് പഞ്ചവാദ്യം 11 മണിക്ക് ശേഷം ആരംഭിക്കും.

കണിമംഗലം, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോൾ എന്നിവിടങ്ങളിലെ ചെറുപൂരങ്ങള്‍ തേക്കിൻകാട് മൈതാനിയിൽ എത്തി. ഇനി നെയ്‍തലക്കാവ്, ചൂരക്കാട് എന്നീ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങളാണ് എത്താനുള്ളത്. ഇതിന് ശേഷമാണ് പ്രശസ്തമായ മഠത്തിൽ വരവും പഞ്ചവാദ്യവും നടക്കുക. ഇതേത്തുടര്‍ന്ന് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പും നടക്കും.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് തൃശൂർ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയിൽ വിന്യസിച്ചിരിക്കുന്നത്.

പൂരത്തോടനുബന്ധിച്ച്  സാധാരണയായി 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാൽ ഇത്തവണ 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവർ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Read more: https://www.deshabhimani.com/news/kerala/thrissur-pooram/799083