ഭ്രമയുഗം അങ്ങനെ ഭ്രമിപ്പിച്ചിട്ടൊന്നുമില്ല : സുജി മീത്തൽ

എല്ലാ കലാസ്വാദനത്തിലും രാഷ്ട്രീയം അന്വേഷിക്കേണ്ടതുണ്ടോ ഇല്ലെന്ന് തന്നെയാണ്‌ വ്യക്തമായ അഭിപ്രായം. സ്വാഭവികമായി കടന്നുവരുന്ന രാഷ്ട്രീയം ചിന്തിപ്പിക്കാറുണ്ട്‌… പൊളിറ്റിക്സ്‌ ലൗഡായി പറയുന്ന കലാസൃഷ്ടികൾ ചിലപ്പോൾ ചിന്തിപ്പിക്കുകയും ചിലപ്പോൾ ചടുപ്പിക്കുകയും ചെയ്യാറുമുണ്ട്‌. നമ- തിന്മ, ശരി-തെറ്റ്‌ എന്ന ദ്വന്ദങ്ങളികൂടി മാത്രം കാലാസ്വാദനം ആസ്വാദനത്തിന്‌ പരിമിതികൾ നിശ്ചയിക്കുമെന്ന നിറഞ്ഞ ബോധ്യവുമുണ്ട്‌… തിന്മനിറഞ്ഞാടുന്ന കാലത്തെ സൃഷ്ടികളിൽ തിന്മയുടെ പകർന്നാട്ടം കാണേണ്ടിവരും… അതു കാണണോ കാണേണ്ടെന്നോ തീരുമാനിക്കേണ്ടത്‌ നാം ഒരോരുത്തരുമാണ്‌‌…
ഭ്രമയുഗം അങ്ങനെ ഭ്രമിപ്പിച്ചിട്ടൊന്നുമില്ല. ഒരു പ്രാവശ്യം തിയറ്ററിൽ ഇരുന്ന് കാണാം…എനിക്ക്‌ മടുപ്പ്‌ തോന്നി… ഇടയിലൊക്കെ…. എണീറ്റുപോവണോന്നു പോലും ചിന്തിച്ചു… എന്തുകൊണ്ടങ്ങനെ തോന്നിയെന്ന് മനസ്സിലായുമില്ല…എല്ലാവരുടേയും പെർഫോമൻസ്‌ നന്നായി തോന്നി…അതിൽ ‌ അധികാരം വെച്ചുനീട്ടുന്ന അപ്പകഷ്ണങ്ങൾ വാങ്ങി അതിനു ബദലെന്നോണം അധികാരികൾ നിർബന്ധപൂർവ്വം ആവശ്യപ്പെടുന്ന തങ്ങളുടെ സ്വാതന്ത്ര്യവും സമയവും ജീവിതവും സന്തോഷങ്ങളും നിഷ്ഠൂരരായ ദയാരഹിതരായ അധികാരികൾക്ക്‌ പണയം വെക്കേണ്ടിവരുന്ന മനുഷ്യരുടെ നിസ്സഹായതയും കലഹവും സമരവും പ്രതിരോധവുമുണ്ട്.‌ വർത്തമാനകാല ഇന്ത്യയെ അതുമാത്രമല്ല എല്ലാകാലത്തേയും അധികാര ദുർവിനിയോഗത്തെ ഒരു തരത്തിൽ പ്രതിനിധീകരിക്കുന്നുമുണ്ട്‌. ഈ കാഴ്ചയിൽ അതോടൊപ്പം അതിനോട്‌ ചേർന്നുതന്നെ ജാതീയവികല സങ്കൽപ്പവുമുണ്ട്‌. ബ്രാഹ്മണിക്കൽ ചിന്തയ്ക്ക്‌ കീഴാള രാഷ്ട്രീയത്തോട്‌ ആ മേലാള ചിന്ത കൈവിടാതുള്ള അനുകമ്പതോന്നിക്കുന്ന തരത്തിലുള്ള ഒരു ജാരചിന്തപോലെ… ഒരേപോലെ മേലാളനും കീഴാളനും ഇടയിൽ എന്നാൽ മേലാളന്‌ മേൽകൈ നൽകുന്ന രാഷ്ട്രീയം…ഒരുതരം മേലാള അധികാര ശ്രേണിയോട്‌ കൂറുപുലർത്തൽ ധ്വനിപ്പിക്കുന്ന ജാതിയധികാരത്തിന്റെ ബലം കുറഞ്ഞ വടംവലി…
എന്തിനാണ്‌ കർമ്മം കൊണ്ട്‌ ഒരാൾ ബ്രാഹ്മണനാവുന്നത്‌ അവൻ കീഴാളൻ തന്നെ ആയിക്കൊണ്ട്‌ മേന്മയുള്ളവനാവത്തതെന്ത്‌… അവൻ കർമ്മം കൊണ്ട്‌ പാണനായാൽ എന്താണ്‌ കുഴപ്പം അപ്പോൾ അവനെന്തുകൊണ്ട്‌ ഉന്നതകുലനാവുന്നില്ല…..കർമ്മം ഒരാളെ എന്തിനാണ്‌ ബ്രാഹ്മണനാക്കണം ആ ചിന്ത തന്നെ ബ്രാഹ്മണിക്കലാണ്‌… അതിനോടാണ്‌ എതിർപ്പ്‌… അവസാനത്തിലെ ധ്വനിപ്പിക്കുന്ന പോലെ കീഴാളൻ അധികാരം പിടിച്ചെടക്കുന്നു എന്ന അസംബന്ധത്തോടും… ഒരുകീഴാളനും അധികാരത്തിന്റെ രുചി അനുഭവിച്ചിട്ടില്ല. പിന്നെയല്ലെ അധികാര ദുർഭരണത്തിന്റെ… അവസാന സീനിൽ അധികാരിയാവുന്ന പാണൻ ചാത്തന്റെ പ്രതിബിംബം പോലും ബ്രാഹ്മണനായ പോറ്റി തന്നല്ലെ… കീഴാളവേഷത്തിലും അധികാരം കയ്യാളുന്ന ബ്രാഹ്മണൻ….ജാതി സെൻസസ്സിന്‌ വേണ്ടി മുറവിളികൂട്ടുന്ന കേരളത്തിലിരുന്ന് ഇതു കാണുമ്പോൾ പ്രത്യേകിച്ചും ഈ അലമ്പാക്കി കൂട്ടിക്കുഴച്ച ജാതിബോധ രാഷ്ട്രീയത്തെ ഉൾകൊള്ളാനാവുന്നില്ല… ജാതിശ്രേണിയെ ശരിയായ രീതിയിൽ അഡ്രസ്സ്‌ ചെയ്യാത്ത ഒരു രാഷ്ട്രീബോധം പൊതുവേ കേരളീയർക്കിടയിലുണ്ട്‌…
ഈ എഴുത്ത്‌ 17 ആം നൂറ്റാണ്ടിലല്ലാത്തോണ്ടും ആ ഡയലോഗ്‌ ഇല്ലെങ്കിലും ഈ സിനിമയുടെ കഥാഗതിയെ ഒട്ടും ബാധിക്കില്ലായിരുന്നതുകൊണ്ടും… അതൊരു നിഷ്കളങ്ക കാലാനുസൃതമായ സ്വാഭാവികമായ കടന്നുവരവല്ല… ജാതിശ്രേണിയെ അഭിസംബോധന ചെയ്യുന്നതിലെ അഭിമുഖീകരിക്കുന്നതിലെ പോരായ്മ തന്നെയാണ്‌…അതുകൊണ്ടു തന്നെ ആ ഡയലോഗ്‌ “ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ്‌ ബ്രഹ്മമണനാകുന്നത്”‌. എന്തുകൊണ്ട്‌ ശുദ്ധനാവാൻ പരിശുദ്ധിക്കുവേണ്ടി തീണ്ടരപ്പാടകലം മായിച്ചുകളയാൻ ബ്രാഹ്മണനാവണം ഉന്നതകുലനാവണം ആർക്കറിയം…ഇതൊരു വികല ജാതിബോധനിർമ്മിതിയാണെന്നത്‌ സ്പഷ്ടം…ആ കാലത്തു നിലനിന്നിരുന്ന അയത്തത്തെയല്ല മേന്മരാവാൻ ബ്രാഹ്മനാവണമെന്ന വ്യക്തമായ സൂചന നൽകുന്ന ഈ വാചകം.
ടി ഡി രാമകൃഷ്ണന്റെ സംഭാഷണമാണ്‌ … ന്യൂനപക്ഷങ്ങളെ അനുകൂലിക്കുന്ന കഥകൾ എഴുതിയെന്ന പേരുള്ള ആളാണെങ്കിൽ കൂടി ജാതിബോധത്തിൽ നിന്ന് മുക്തനല്ല…
സിനിമ കാണുമ്പോൾ മടുപ്പ്‌ തോന്നിയത്‌ രാഷ്ട്രീയം കൊണ്ടല്ല…. എന്തോ പിടിച്ചിരുത്തുന്ന അങ്ങനെ ഒരാകർഷണം തോന്നിയില്ല… എങ്കിലും കുഴപ്പമില്ല കണ്ടിരിക്കാം…
രാഷ്ട്രീയം നോക്കിയല്ല കല ആസ്വദിക്കേണ്ടത്‌.. അത്‌ രാഷ്ട്രീയം പറയുമ്പോൾ അതിലെ ശരികേട്‌ സ്വാഭാവികമായും മുഴച്ചുനിക്കും…കൊല്ലത്തു നടന്ന മാതാപിതാക്കളുടെ കൂട്ട ആത്മാഹത്യയുടെ പശ്ചാത്തലത്തിലിരുന്നുകൊണ്ടാണ്‌ സിനിമ കാണുന്നത്‌…പുലയയുവാവുമായി ജീവിക്കാൻ തീരുമാനിച്ചതിൽ വംശശുദ്ധിക്കേൽക്കുന്ന കളങ്കത്തിൽ മനംനൊന്ത്‌ ആരെയും ഞെട്ടിക്കുന്ന ദുരഭിമാനആത്മഹത്യ…ഈയൊരവസത്തിൽ ഇന്നും കേരളത്തിന്റെ ഏതുമൂലയിരുന്നുകൊണ്ട്‌ നമുക്ക്‌ ജാതിസമീകരണത്തേയും കേരളത്തിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച്‌ അഭിമാനത്തോടെ സംസാരിക്കാനാവുക.
രാഷ്ട്രീയ ജാതീയ ചിന്തയുടെ അശുദ്ധിമാറ്റിനിർത്തിയാൽ എന്തൊക്കെയായാലും ബ്ലാക്‌ & വൈറ്റ്‌ മേമ്പൊടിയോടെ സീനുകളുടെ കോർത്തിണക്കലിൽ വലിയ പാളിച്ചപറ്റാത്തരീതിയിൽ അടുത്തിടെ കണ്ട വ്യത്യസ്തമായ മലയാള സിനിമാനുഭവം തീർത്തും തള്ളികളയേണ്ടതല്ല… കാണാം എന്നുതന്നാണ്‌ അഭിപ്രായം…