തിരുവനന്തപുരം: സർക്കാരിനും കേരള പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല. സംസ്ഥാനത്തെ ട്രാഫിക് പിഴ ചുമത്തലുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിച്ച് പൊലീസിന് നൽകുന്ന ചുമതല സിഡ്കോയെ ഒഴിവാക്കി കെൽട്രോണുമായി ചേർന്ന് സ്വകാര്യ കമ്പനിക്ക് നൽകിയെന്നാണ് ആരോപണം.
നേരത്തെ തന്നെ വിവാദത്തിലായ ഗാലക്സോൺ എന്ന ബിനാമി കമ്പനിയുടെ ഭാഗമായ മീഡിയട്രോണിക്‌സ് എന്ന കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ട്രാഫിക് പിഴയുടെ 90 ശതമാനം സ്വകാര്യ കമ്പനിക്ക് സേവന-അറ്റക്കുറ്റപ്പണി ചാര്‍ജായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയില്‍ ഡിജിപി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെന്ന് ചെന്നിത്തല പറയുന്നു.
വലിയ ഒരു കരാര്‍ ഏറ്റെടുക്കാൻ സാമ്പത്തിക ഭദ്രതയോ മുൻപരിചയമോ മതിയായ യോഗ്യതകളോ ഈ കമ്പനിക്കില്ല. രാജ്യത്ത് തന്നെ ഇതാദ്യമായാണ് പെറ്റി അടിക്കാനും ട്രാഫിക് പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നടപടി ആരംഭിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു. 180 കോടിയുടെ കരാറിലാണ് ക്രമക്കേടുണ്ടായിരിക്കുന്നത്. സ്വകാര്യ കമ്പനികളെ തുക്കിടി സായിപ്പന്‍മാരുടെ വേഷത്തിലെത്തിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടന്ന് വരുന്നത്. സ്വകാര്യ കമ്പനിക്ക് വേണ്ടി പൊലീസ് ക്വട്ടേഷൻ പണി എടുക്കുമ്പോൾ മുഖ്യമന്ത്രിയുടെ കൂടെ പങ്ക് അന്വേഷിക്കണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.