കുവൈത്തിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ പൗരൻമാരെ പ്രശംസിച്ച് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: അബ്ദുല്ല തുറമുഖ പ്രദേശത്ത് ഇറാൻ സ്വദേശികൾ കടൽമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ച സംഭവം, സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പ്രദേശത്തെ കുവൈത്ത് സ്വദേശികളുടെ ഇടപെടൽ കൂടിയാണ് നുഴഞ്ഞുകയറ്റശ്രമം തകർത്തത്. ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിന അബ്ദുള്ളയിൽ നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റുചെയ്യുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച പൗരന്മാരെ ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു. ഓരോ പൗരനും മാതൃരാജ്യത്തിന്റെ സുരക്ഷാ കാവൽക്കാരനാണെന്നും, പൗരന്മാരുടെ സഹകരണത്തോടെ മാത്രമേ സംയോജിത സുരക്ഷാ സംവിധാനം കൈവരിക്കാനാകൂ എന്നും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

തീരം വഴി ഇറാൻ സ്വദേശികൾ കുവൈത്തിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലാം ഉത്തരവിട്ടിരുന്നു. അവർ തീരെ സുരക്ഷ മറികടന്ന് എങ്ങനെ കുവൈത്തിലെത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തും.