1.2 കോടി മുടക്കി, കാത്തിരുന്നു; കൃത്രിമ മഴ മാത്രം പെയ്തില്ല, ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം പാളി

0
54

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയും വായുമലിനീകരണവും മറികടക്കാന്‍ കൃത്രിമ മഴപെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം പാളി. 1.2 കോടിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് ഡല്‍ഹി സര്‍ക്കാര്‍ മുടക്കിയത്. പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായാണ് ഐഐടി കാന്‍പൂരിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് നടത്തിയത്. ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായിരുന്നു. ഇതോടെയാണ് കൃത്രിമമഴയ്ക്കുള്ള സാധ്യത തേടിയത്.

ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍ ഉ്ള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. പിന്നീട് മഴയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഡല്‍ഹി. രാജ്യത്ത് ആദ്യമായാണ് കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം തടയാന്‍ ശ്രമം നടത്തിയത്. അതേസമയം, സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

സില്‍വര്‍ അയോഡൈഡ് അല്ലെങ്കില്‍ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങള്‍ മേഘങ്ങളിലേക്ക് വിതറുമ്പോള്‍ കണികകള്‍ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവര്‍ത്തിക്കുകയും ജലത്തുള്ളികള്‍ രൂപപ്പെടുകയും മഴയായി പെയ്യുകയും ചെയ്യുന്നതാണ് ക്ലൗഡ് സീഡിംഗ്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ക്ലൗഡ് സീഡിങ് നടത്തി 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ മഴ പെയ്യാറാണ് പതിവ്. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളിലാണെങ്കില്‍ രണ്ട് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങളും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില സാഹചര്യങ്ങളില്‍ മഴ പെയ്യണമെന്നുമില്ല.