COVID-19 വാക്സിനേഷനായി പ്രീ-രജിസ്ട്രേഷൻ സേവനം ആരംഭിച്ചു

0
19

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റ് വഴി COVID-19 വാക്സിനേഷനായി പ്രീ-രജിസ്ട്രേഷൻ സേവനം ആരംഭിച്ചു.അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകാരം നൽകിയ ശേഷം മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നൽകുവെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ സ്ഥിരീകരിച്ചു.
ഈ വർഷാവസാനത്തിന് മുമ്പ് ഫൈസർ ബയോട്ടിക് മരുന്നുകൾക്ക് അംഗീകാരം ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വാക്സിനുകൾക്ക് അംഗീകാരം ലഭിച്ച ശേഷം ഒന്നിലധികം ഘട്ടങ്ങളിലായി വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിക്കും. മിഷ്രെഫ് പ്രദർശന മൈതാനിയിൽ തയ്യാറാക്കിയ വാക്സിനേഷൻ കേന്ദ്രം മറ്റുള്ളവയെക്കാൾ ഏറ്റവും വലുതാണ്. പ്രതിദിനം 10,000 ആളുകൾക്ക് ഇവിടെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആകുമെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ നടപടിക്രമങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും
സമയം ലാഭിക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കിയതായി മന്ത്രി അൽ സബ വ്യക്തമാക്കി.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന വ്യക്തിക്ക് വാക്സിനുകളുടെ പേര്, കുത്തിവെപ്പ് എടുത്ത തീയതി, പാസ്‌പോർട്ട് നമ്പർ എന്നിവ ഉൾപ്പെടുത്തി ഒരു സർട്ടിഫിക്കറ്റ് മൊബൈലിൽ അയച്ചുനൽകും.
ഭാവിയിൽ യാത്ര ചെയ്യുമ്പോൾ അത് ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ മുൻ‌ഗണനകൾ അനുസരിച്ചായിരിക്കും വാക്സിനേഷൻ നൽകുക. കുത്തിവെപ്പ് എടുക്കാൻ തയ്യാറാകുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യമായി വാക്സിനേഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.