പത്തനംതിട്ട: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മെയ് 18-ന് കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് താമസിക്കും. മെയ് 19-നാണ് ശബരിമലയിൽ ദർശനം നടത്തുന്നത്. കോട്ടയം ജില്ലയിലെ കുമരകത്താണ് രാഷ്ട്രപതി താമസിക്കുക എന്ന് അധികൃതർ പറഞ്ഞു. ഒരു രാഷ്ട്രപതി ആദ്യമായാണ് ശബരിമല ദർശനത്തിനെത്തുന്നത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മെയ് 18-ന് പാലയിലെ സെന്റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. അടുത്ത ദിവസം പമ്പയിൽ എത്തി ശബരിമലയിലേക്ക് പോകും.രാഷ്ട്രപതിയുടെ ദർശന ദിവസം വെർച്വൽ ക്യൂ ബുക്കിംഗ് സേവനം താൽക്കാലികമായി നിർത്തിവെക്കുമെന്ന് ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.































