കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മദ്യപാന വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൈവശം വെച്ച കേസുകളിൽ 10 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
ഓപ്പറേഷനിൽ 1 കിലോ 10 ഗ്രാം മെത്താംഫെറ്റമിൻ, 2,218 ലിറിക്ക ക്യാപ്സ്യൂളുകൾ, 2 കിലോ ലിറിക്ക പൗഡർ, 5 ഗ്രാം ഹഷീഷ് എന്നിവ പിടിച്ചെടുത്തു. കൂടാതെ നാല് കാപ്റ്റഗൺ ഗുളികകൾ, 60 മദ്യക്കുപ്പികൾ, മൂന്ന് തോക്കുകൾ, രണ്ട് സെൻസിറ്റീവ് സ്കെയിലുകൾ, എട്ട് ലഹരി ഗുളികകൾ, 8,179 കുവൈത്തി ദിനാർ പണവും കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ വിഭാഗങ്ങൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.






























