അടുത്ത 5 വർഷത്തിനുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ ജിഡിപി: കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ വിവരിച്ച് ധനമന്ത്രി

0
4

ന്യൂഡൽഹി: 2024-25 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ ജിഡിപി എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 102 ലക്ഷം കോടിയുടെ പദ്ധതികളാണ് കേന്ദ്രം നടപ്പാക്കാനുദ്ദേശിക്കുന്നത് ഇതിലൂടെ ജിഡിപി ഉയർത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി നൂറു കോടിയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനം അനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനായി വിശദമായ പദ്ധതി തയ്യാറാക്കിയതായും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എഴുപതോളം പ്രത്യേക സംഘങ്ങളുമായി ചർച്ച നടത്തിയാണ് നിലവില്‍ 102 ലക്ഷം കോടിയുടെ പദ്ധതികൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനൊപ്പം മൂന്നു ലക്ഷം കോടിയുടെ പദ്ധതികളും വൈകാതെ ഉള്‍പ്പെടുത്തും. പദ്ധതിത്തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയുമാകും വഹിക്കുക..

രണ്ടര ലക്ഷം കോടിയുടെ തുറമുഖ – വിമാനത്താവള പദ്ധതികള്‍, 3.2 ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാ പ്രോജക്ടുകള്‍, 16 ലക്ഷം കോടിയുടെ ജലസേചന പദ്ധതികള്‍, ഗ്രാമീണ, കാര്‍ഷിക – ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പദ്ധതികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൊബിലിറ്റി പ്രോജക്റ്റുകള്‍ ഉള്‍പ്പെടെ 16 ലക്ഷം കോടിയുടെ പ്രോജക്റ്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം കോടി രൂപയുടെ റോഡ്, 14 ലക്ഷം കോടി റെയില്‍വേ പദ്ധതികളും 5 ലക്ഷം കോടിയുടെ ഊര്‍ജ്ജ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കീഴില്‍ വരുന്നുണ്ട്.