കുവൈറ്റ് സിറ്റി : കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) ഫർവാനിയ മേഖലയിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി.
അധികൃതരുടെ തുടർച്ചയായ നിരീക്ഷണ പദ്ധതിയുടെ ഭാഗമായി ഫർവാനിയ ഫുഡ് ഇൻസ്പെക്ഷൻ കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്.
മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തതിന് ഒരു ലംഘനം, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്ത രണ്ട് തൊഴിലാളികൾക്കെതിരെ രണ്ട് ലംഘനങ്ങൾ, ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളിയെ നിയമിച്ച തൊഴിലുടമയ്‌ക്കെതിരെ ഒരു നിയമലംഘനവും രജിസ്റ്റർ ചെയ്തു.
അതോടൊപ്പം, ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ 195.2 കിലോഗ്രാം മാംസം പരിശോധനാ സംഘം പിടിച്ചെടുത്ത് നിയമാനുസൃത നടപടികൾ പാലിച്ച് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.






























