കൊച്ചി: അതിഥി തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ‘ജ്യോതി’ പദ്ധതി ആരംഭിച്ചു. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ലക്ഷ്യം,3 മുതൽ 6 വയസ് വരെയുള്ള കുട്ടികളെ അംഗൻവാടികളിലേക്കും 6 വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്കും എത്തിക്കുക.ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കി കുട്ടികളുടെ പഠന നിലവാരം നിരീക്ഷിക്കും.
സ്കൂളുകളും അധ്യാപകരും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ച് കുട്ടികളെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്താൻ പ്രവർത്തിക്കും.
“ഇത് നാടിന്റെ ഉത്തരവാദിത്വമാണ്” എന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ 35 ലക്ഷം അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സമതുലിതാവസരം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.






























