കുവൈത്തിൽ കഫേയ്ക്ക് സമീപം യുവാക്കളുടെ കൂട്ടത്തല്ല്; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

0
18

കുവൈത്ത് സിറ്റി : കുവൈത്തിലെ അബു ഹലീഫയിലെ ഒരു കഫേയ്ക്ക് സമീപം യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. സംഭവത്തിൽ മൂന്ന് യുവാക്കൾക്ക് തലയ്ക്കും മുഖത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. അബു ഹലീഫയിലെ കഫേയ്ക്ക് സമീപം സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന മൂന്ന് യുവാക്കളുടെ അടുത്തേക്ക് തിരിച്ചറിയാത്ത മൂന്ന് പേർ എത്തുകയും പ്രകോപനമില്ലാതെ അസഭ്യം പറയുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റം രൂക്ഷമാവുകയും പിന്നീട് ഇത് ഇരുവിഭാഗവും തമ്മിലുള്ള കയ്യാങ്കളിയിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. സ്വർണ്ണ നിറത്തിലുള്ള ജർമ്മൻ നിർമ്മിത കാറിലെത്തിയ അക്രമികൾ, സംഭവത്തിന് ശേഷം വേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റവരിൽ 19 കാരനായ കുവൈത്തി പൗരനും ഉൾപ്പെടുന്നു. സംഭവത്തിൽ പതിനാലുകാരനായ മറ്റൊരു കുട്ടിയുടെ ഇടതുചെവിക്ക് ഗുരുതരമായി പരുക്കേൽക്കുകയും മുഖത്ത് പോറലുകളും ചതവുകളും സംഭവിക്കുകയും ചെയ്തു. കൂടാതെ പങ്കെടുത്ത മറ്റൊരു പതിമൂന്നുകാരന്റെ വലതു കൈയിലും ചതവും നീർക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധനാ റിപ്പോർട്ടുകൾ സഹിതം അബു ഹലീഫ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവത്തിന്റെ ഗൗരവത്തെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇവർ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും ദൃക്സാക്ഷികൾ നൽകിയ സൂചനകളും അടിസ്ഥാനമാക്കി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.