ഗൾഫ് പൗരന്മാർക്ക് കുവൈത്ത് സന്ദർശിക്കാൻ ഇസ്രായേൽ യാത്ര തടസ്സമാകില്ല

കുവൈത്ത് സിറ്റി : ഗൾഫ് രാജ്യങ്ങളുമായി ഇസ്രേയേൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനിടെയാണ് കുവൈത്ത് നിലപാട് വ്യക്തമാക്കിയത്. ഇസ്രേയേൽ സന്ദർശിച്ച ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്ക് കുവൈത്തിൽ പ്രവേശിക്കാൻ തടസ്സമില്ലെന്ന് തുറുമുഖ പൊതുഭരണ വകുപ്പിലെ സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പാസ്പോർട്ടിൽ ഇസ്രേയേൽ സന്ദർശിച്ചതിന്റെ സ്റ്റാമ്പ് പതിച്ചിട്ടുള്ളത് കുവൈത്തിൽ പ്രവേശിക്കുന്നതിന് തടസ്സമല്ലെന്ന് വ്യത്തങ്ങൾ പറഞ്ഞു. ഗൾഫ് കരാർ പ്രകാരം ഏതൊരു ഗൾഫ് രാജ്യത്തെയും പൗരൻമാർക്ക് അതാത് രാജ്യത്തെ പാസ്പോർട്ട് ഉണ്ടെങ്കിൽ കുവൈത്തിൽ പ്രവേശിക്കാൻ അവകാശമുണ്ട്. ഇസ്രേയേലിൽ പോയിട്ടുള്ള അമേരിക്കക്കാരും യൂറോപ്യൻമാരും അതേ പാസ്പോർട്ടുമായി കുവൈത്തിൽ പ്രവേശിക്കുന്ന കാര്യവും സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങൾ എത്തിച്ചേരുന്ന ഉഭയകക്ഷി കരാറുകൾ കുവൈത്തിൻ്റെ വിഷയമല്ല. നിലവിൽ യു എ ഈയും ബഹ്റിനും ഇസ്രേയേലുമായി സമാധാനക്കരാർ ഒപ്പ് വെച്ചിട്ടുണ്ട്. എന്നിരുനാലും ഇസ്രേയേൽ സന്ദർശിക്കുന്ന ഈ രാജ്യങ്ങയിലെ പൗരൻമാർക്ക് കുവൈത്തിൽ പ്രവേശിക്കാമെന്നും സുരക്ഷാ വൃത്തങ്ങൾ ഊന്നി പറഞ്ഞു. അതേസമയം ഇസ്രേയേൽ പാസ്പോർട്ട് ഉള്ളവർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.