മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ഇന്ത്യൻ സ്വദേശിനി

കുവൈത്ത് സിറ്റി: കുവൈത്തിൽ സബാഹിയയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ഇന്ത്യൻ വംശജയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിംഗ് ഫഹദ് റോഡിന് എതിർവശത്തായി, എത്തിപ്പെടാൻ നന്നേ ബുദ്ധിമുട്ടുന്ന ചതുപ്പ് നിലത്തോട് ചേർന്നുള്ള മരത്തിൽ ആയിരുന്നു യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി ആദ്യ ആഴ്ചയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഫയർബ്രിഗേഡ് വിഭാഗത്തിന് മൃതദേഹം പുറത്തെത്തിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. മരണം ആത്മഹത്യ ആകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം എങ്കിലും സാഹചര്യത്തെളിവുകൾ ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളൊഴിഞ്ഞ പ്രദേശത്ത് ഇത് അഗ്നിശമനസേനാ വിഭാഗത്തിന് പോലും എത്തിപ്പെടാൻ ബുദ്ധിമുട്ടായ ഒരു സ്ഥലത്ത് യുവതി തനിച്ച് എങ്ങനെയെത്തി എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. അന്വേഷണം പുരോഗമിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.