ഉന്നത വിദ്യാഭ്യാസ മേളയിൽ IIT, IIM, NFSU, NIFT ഉൾപ്പടെ 45 കലാലയങ്ങൾ: ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്യും.

0
5

 

 

ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈറ്റ് നടത്തി വരുന്ന ഉന്നത വിദ്യാഭ്യാസ മേള ഈ വർഷം ഫെബ്രുവരി 5, 6 ( വെള്ളി, ശനി ) തീയതികളിൽ നടക്കും.ഇന്ത്യയിലെയും വിദേശത്തെയും എണ്ണപ്പെട്ട സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപദേഷ്ടാക്കളും മേളയിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും നിയന്ത്രണങ്ങൾ അനുസരിച്ചും വെർച്വൽ ആയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

കുവൈറ്റിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 9, 10, 11, 12 ക്ലാസ്സുകളിലെ 20,000 ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധമാണ് മേളയുടെ ആസൂത്രണം. കുവൈറ്റിനു പുറമേ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും, ലോകത്തിൻറെ ഏതു ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾക്കും മേളയിലേക്ക് പ്രവേശനമുണ്ടാകും. ഇന്ത്യ, ബ്രിട്ടൺ, അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 45 ഓളം സ്ഥാപനങ്ങളാണ് മേളയിൽ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തിൻറെയും തൊഴിൽ മേഖലകളുടെയും വാതായനങ്ങൾ തുറന്നിടുന്നത്.

വിവിധ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ മനസ്സിലാക്കി തുടർ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതിനു സഹായിക്കുന്ന അസുലഭമായ അവസരമാണ് മേളയിലൂടെ ലഭിക്കുക. കരിയർ വിദഗ്ദ്ധൻ ഡോ. സേതുമാധവൻ ടി. പി. യുമായി നേരിട്ട് സംവദിച്ച്‌ ഓരോ വിദ്യാർത്ഥിയുടെയും അഭിരുചിക്കനുസൃതമായ തുടർ വിദ്യാഭ്യാസവും തൊഴിൽ മേഖലയും പുത്തൻ കാല-ദേശങ്ങളിൽ എങ്ങനെ കണ്ടെത്താമെന്ന മാർഗ്ഗദർശനം തേടാവുന്നതാണ്.

ഇന്ത്യയിൽ നിന്നും IIM അഹമ്മദാബാദ്, IIT റൂർക്കീ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, NIFT ഡൽഹി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ, വിദേശ സർവ്വകലാശാലകൾ, കോളേജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളുമായി നേരിട്ട് ചർച്ച ചെയ്ത് ഉപദേശ നിർദ്ദേശങ്ങൾ നേടാനുമുള്ള സുവർണ്ണാവസരമാകും ICSK ഉന്നത വിദ്യാഭ്യാസ മേള – 2021”. പല സ്ഥാപനങ്ങളും തുടർ-ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് സ്പോട് അഡ്‌മിഷനും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുൻ വർഷങ്ങളിൽ ഒട്ടേറെ വിദ്യാർത്ഥികൾ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. കൂടാതെ, രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുക്കുന്ന ഒരാൾക്ക് 100 ദിനാർ ഗിഫ്റ്റ് വൗച്ചർ സമ്മാനമായും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

 

ICSK ഹയർ എഡ്യൂക്കേഷൻ ഫെയർ 2021 പ്രശസ്‌ത വാഗ്‌മിയും എഴുത്തുകാരനും നയതന്ത്രജ്ഞനും പാർലമെൻറ്റേറിയനുമായ ഡോ. ശശി തരൂർ MP ഉത്‌ഘാടനം ചെയ്യും.

ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സാധാരണ ഗതിയിൽ അപ്രാപ്യമെന്നു പറയാവുന്ന അനവധി അവസരങ്ങളുടെ അറിവുസാധ്യതകളാണ് നിങ്ങളുടെ സമീപത്തേക്കു എത്തിച്ചേരുന്നത്. ഇന്ത്യയിൽ പോലും ഇത്തരം അവസരങ്ങൾ വിരളമാണ്. രാജ്യങ്ങളുടെ അതിരുകൾക്കു പുറത്തും, കോവിഡ് മഹാമാരി കൊട്ടിയടച്ച മതിൽക്കെട്ടുകൾ മറി കടന്നും ഭൂഖണ്ഡങ്ങൾ താണ്ടിയുമുള്ള നൂതന ജീവിതമെന്ന സങ്കൽപ്പത്തിന് മിഴിവുറ്റ രൂപം നൽകാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈറ്റ് നടത്തുന്ന ഉന്നത വിദ്യാഭ്യാസ മേള 2021″ ഉപകരിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.