മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

0
30

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂൺ 26 മുതൽ 28 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കിയിലെ മലയോര മേഖലയിലടക്കം ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നാളെയും ഓറഞ്ച് അലട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടുക്കിയിൽ നിയന്ത്രണമേര്‍പ്പെടുത്തിയത്. ജല വിനോദങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും 25, 26 തീയതികളിൽ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.