ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ തുടരുന്നു. പാക് പൌരന്മാരെ തിരിച്ചയച്ചതിന് ശേഷം, ഇപ്പോൾ പാകിസ്ഥാനിലേക്കുള്ള നദീജലപ്രവാഹം കുറയ്ക്കുകയാണ് ഇന്ത്യ. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടർ താഴ്ത്തിയതോടെ പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞു. ഇതേപോലെ ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് ഹ്രസ്വകാല നടപടിയായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുമുമ്പ്, സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തിരുന്നു. ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണയെതിരെ ഇന്ത്യ ശക്തമായി എതിർത്തുകൊണ്ടിരിക്കെ, പാകിസ്താൻ നിയന്ത്രണരേഖയിൽ പ്രകോപനം തുടരുന്നു. എട്ട് സ്ഥലങ്ങളിൽ പാക് സൈനികർ വെടിയുയർത്തി. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തെ ഏറ്റവും വലിയ പ്രകോപനമാണ് ഇപ്പോൾ നടന്നതെന്ന് സർക്കാർ വ്യക്തമാക്കി.പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും, പാകിസ്താൻ വഴി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും, ഇന്ത്യ വഴി പാക് ഉൽപ്പന്നങ്ങൾ മൂന്നാം രാജ്യങ്ങളിലേക്ക് കടത്തുകയും ഇപ്പോൾ നിരോധിച്ചിരിക്കുന്നു.