കുവൈറ്റ് സിറ്റി : ഇന്ത്യൻ ആർട്ട് ഫെഡറേഷൻ (ഐ. എ . എഫ് )കുവൈറ്റിലെ സംഗീത പ്രതിഭകൾക്കായി നടത്തിയ ഇന്ത്യൻ സ്റ്റാർ വോയ്സ് മെഗാ ഫൈനലിൽ ഹെലൻ സൂസൻ ജോസ് ഒന്നാം സ്ഥാനം (കാർമ്മൽ ഇന്ത്യൻ സ്‌കൂൾ ) കരസ്തമാക്കി. നാൽപതോളം മത്സരാർഥികളിൽ നിന്നും രണ്ട് ഓഡിഷനുകളിലൂടെ മികച്ച ആറു പ്രതിഭകളെയാണ് ഫൈനലിനായി തിരഞ്ഞെടുത്തത്. അഹമ്മദി ഡി പി എസ് തിയേറ്റർ ഓഡിറ്റോറിയത്തിൽ ഐ.എ .എഫ് അഞ്ചാമത് വാർഷിക പരിപാടികളോടനുബന്ധിച്ചു നടന്ന മെഗാ ഫൈനലിലാണ് ഹെലൻ സൂസൻ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം ആഷി ബവേജ (ഫെയ്പ്സ് സ്കൂൾ ) മൂന്നാം സ്ഥാനം ആയിഷ സാൻവ (ഫെയ്പ്സ് സ്കൂൾ ) എന്നിവർ കരസ്ഥമാക്കി.
മികച്ച പ്രകടനങ്ങളിൽ നിന്നും വിജയിയെ കണ്ടെത്തുക ശ്രമ കരമായിരുന്നു എന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു . മുഖ്യതിഥി സ്വാധിക വേണുഗോപാൽ വിജയികൾക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും മൊമെന്റോയും നൽകി. കുവൈറ്റ് പ്രവാസ ഭൂമിയിൽ വളർന്ന് വരുന്ന പുതിയ തലമുറയിലെ സംഗീത പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഐ എ എഫ് നടത്തുന്ന സ്റ്റാർ വോയ്സ് സംഗീത മത്സരം അതിന്റെ അഞ്ചാം വർഷം പൂർത്തിയാക്കിയിരിക്കുന്നു. പുതിയ തലമുറയിൽ കലയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിൽ ഐഎ എഫ് പ്രതിജ്ഞാ ബദ്ധമാണെന്നും, വരും വർഷങ്ങളിലും ഈ മഹത്തായ ദൗത്യം തുടരുമെന്നും ഐഎഎഫ് പ്രസിഡന്റ് ഷെറിൻ മാത്യു പറഞ്ഞു. പ്രശസ്ത പിന്നണി ഗായിക ആൻ ആമി, ഗായകൻ പ്രഷോഭ് രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ലിയോ കിഴക്കേ വീടൻ, ചെയർമാൻ പ്രേമൻ ഇല്ലത്ത്, കൾച്ചറൽ സെക്രെട്ടറി നിർമ്മല ദേവി ജോയന്റ് സെക്രട്ടറി മുരളി മുരുകാനന്ദം പ്രോഗ്രാം കോർഡിനേറ്റർ പ്രിയ കണ്ണൻ ട്രഷറർ ലിജോജോസ് എന്നിവർ സന്നിഹിതരായിരുന്നു.