അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ച് ഇൻഫോക്

0
289

കുവൈത്ത് സിറ്റി: ഇന്റർനാഷനൽ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (INFOK) “ഫ്ലോറൻസ് ഫിയെസ്റ്റ 2025” എന്ന പേരിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 9 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിമുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ജലീബ് അൽ ശുവൈകിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം, മുഖ്യാതിഥി ഡോ.മുസ്തഫാ അൽ മൊസാവി (ഹെഡ് , കുവൈറ്റ് ഓർഗൻ പ്രോക്യൂർമെന്റ്) ഉദ്ഘാടനം ചെയ്തു. കുവൈറ്റ് നഴ്സിംഗ് സർവീസസ് ഡയറക്ടറെ പ്രതിനിധീകരിച്ച് അസിസ്റ്റൻറ് നഴ്സിംഗ് ഡയറക്ടർ ദലീല അബ്ദുദുൾ കരീം ഇന്ത്യൻ നഴ്സസിന്റെ പ്രവർത്തനമികവിനെ പ്രശംസിച്ച് സംസാരിച്ചു, അതോടൊപ്പം കുവൈറ്റ് നഴ്സിംഗ് ഡയറക്ടർ മാഡം ഇമാൻ അൽ അവാധി വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. മെട്രോ മെഡിക്കൽ കെയർ എംഡി ഹംസ പയ്യന്നൂർ ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

ദീർഘകാലം കുവൈറ്റിൽ സേവാമാനുഷ്ഠിച്ച സീനിയർ നഴ്സസിനെ നൈറ്റിംഗ്ഗേൽ അവാർഡ് നൽകി ആദരിച്ചു.അംഗങ്ങളുടെ കുട്ടികളിൽ മികച്ച മാർക്ക് കരസ്ഥമാക്കിയവർക്ക് ഇൻഫോക് മെറിറ്റോറിയസ് അവാർഡും 2024 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർക്കു ബെസ്റ്റ് ഇൻഫോക്കിയൻ അവാർഡും വേദിയിൽ വെച്ച് നൽകി.

INFOKന്റെ വാർഷിക സ്മരണിക – മിറർ 2025ന്റെ പ്രകാശനം മുസ്തഫ ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ ചെയർമാൻ) നിർവഹിച്ചു. അന്നേ ദിവസം രാവിലെ നടന്ന പോസ്റ്റർ മത്സരം ആർട്ടിക്കിൾ പ്രസന്റേഷൻ മത്സരം തുടങ്ങിയവയിൽ വിജയികളായവർക്ക് ഫ്ലോറൻസ് ഫിയസ്റ്റ വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകി.

കുവൈറ്റിലെ നഴ്സസിനെയും നഴ്സസിന്റെ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ടുള്ള കലാപ്രകടനങ്ങൾ അരങ്ങേറി . തുടർന്നു ഇന്ത്യൻ റിയാലിറ്റി ഷോ ആയ ‘സ റി ഗ മാ പ ലിറ്റിൽ ചാമ്പ് ‘ലൂടെ പ്രശസ്തനായ അനുഗ്രഹീതകലാകാരൻ വൈഷ്ണവ് ഗിരീഷ്, ആതിര ജനകൻ, ക്രിസ്റ്റകല തോമസ്, വിഷ്ണു വർദ്ധൻ എന്നിവരോടൊപ്പം മൂന്ന് ഓർക്കെസ്ട്ര കലാകാരന്മാരും ചേർന്നു അവതരിപ്പിച്ച സംഗീതസന്ധ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഇൻഫോക് സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ച ഫ്ലോറൻസ് ഫിയസ്റ്റ 2025 ന് പ്രോഗ്രാം കോർഡിനേറ്റർ അംബിക ഭാസ്കരൻ നന്ദി പറഞ്ഞു.