ജനുവരി 9ന് പ്രവാസി ഭാരത് ദിവസവും, ജനുവരി 8ന് യുവജന കൺവെൻഷനും സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നു. ജനുവരി 09 ന് നടക്കുന്ന പരിപാടിയിൽ വർച്വലി പങ്കെടുക്കാൻ എല്ലാ പ്രവാസി ഇന്ത്യക്കാരെയും, ഇന്ത്യൻ വംശജരായ വ്യക്തികളെയും, കുവൈത്തിലെ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിച്ചു. പ്രവാസി ഭാരതീയ ദിവസിന് മുന്നോടിയായി ജനുവരി എട്ടാം തീയതി യുവജന കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 8.30 ന് ആരംഭിക്കുന്ന ചടങ്ങിൽ വിദേശകാര്യ സെക്രട്ടറി സഞ്ജീവ് ഭട്ടാചാര്യ സ്വാഗതം പറയും. തുടർന്ന് കേന്ദ്ര യുവജന ക്ഷേമ മന്ത്രി കിരൺ റിജിജു യുവതയെ അഭിസംബോധന ചെയ്യും. ന്യൂസിലൻഡ് മന്ത്രിസഭ അംഗവും ഇന്ത്യൻ വംശജയുമായ പ്രിയങ്ക രാമചന്ദ്രനാണ് ചടങ്ങിലെ മുഖ്യാതിഥി. ഇന്ത്യയിലെയും പ്രവാസികളിലെയും ‘ യുവ നേട്ടക്കാരെ ഒരുമിച്ച് കൊണ്ടുവരിക എന്ന വിഷയത്തിൽ സെഷൻ നടക്കും. ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ഉഷ ശർമ എന്നിവരും പങ്കെടുക്കും.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.

പ്രവാസി ഭാരതീയ ദിവസ്നോടനുബന്ധിച്ച് രാവിലെ
നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും, വൈകുന്നേരം ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉപസംഹാര പ്രസംഗം നടത്തും. പിബിഢി ആചരണത്തിൻ്റെ ഭാഗമായി
ആത്മ നിർഭർ ഭാരതത്തിലെ പ്രവാസികളുടെ പങ്ക്, കോവിഡിന് ശേഷമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നീ വിഷയങ്ങളിൽ രണ്ട് സെഷനുകൾ നടക്കും.