സംഘപരിവാറിന്റെ ക്രൈസ്തവ വേട്ടക്കെതിരെ കല കുവൈറ്റ് പ്രതിഷേധിച്ചു

0
23

കുവൈറ്റ് സിറ്റി: മത ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി ഹിന്ദുത്വ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തുന്ന വിവിധങ്ങളായ അക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമാക്കി ഛത്തീസ്ഗഡിൽ സംഘപരിവാർ മലയാളി കന്യാസ്ത്രീകൾക്കെതിരെ നടത്തിയ ആക്രമണങ്ങൾ. ഇതിന്റെ ഭാഗമായി കന്യസ്ത്രീകളെ അറസ്റ്റു ചെയ്‌തതിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്‌ പ്രതിഷേധം രേഖപ്പെടുത്തി. നീതി, മതസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെ പൂർണ്ണമായും ലംഘിക്കുന്ന ഈ നടപടിയിലൂടെ വംശീയ – മത ധ്രുവീകരണത്തിന്റെ ഭീകര മുഖമാണ് വെളിപ്പെടുന്നത്. ഇതിനെതിരെയുള്ള ഭരണകൂട നിശബ്ദതയും മാധ്യമ നിസ്സംഗതയും നമ്മെ ഗൗരവത്തിൽ ചിന്തിപ്പിക്കുന്നു. വിശ്വാസിയായോ അല്ലയോ എന്നതല്ല, എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണാഘടനയുള്ള നാട്ടിൽ ഇത്തരം അക്രമങ്ങൾ അനുവദിച്ചുകൂടാത്തതാണ്. ഈ ക്രൂരതക്കെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡണ്ട് മാത്യു ജോസഫ്, ആക്ടിങ്ങ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.