പൗരത്വ നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം: സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ച് കേരളം

Pinarayi

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമര്‍പ്പിച്ചത്. ഇതോടെ നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വിമർശിച്ചു കൊണ്ടാണ് ഇനി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല അറിയിച്ചത്. എൽഡിഎഫുമായി ഒന്നിച്ചു ചേർന്നുള്ള സമരം എല്ലാവർക്കും ഒരു സന്ദേശമായിരുന്നു എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സര്‍ക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങൾ അരങ്ങേറിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാർട്ടികൾ ഒത്തുചേർന്ന് ഇതിനെതിരെ പ്രതിഷേധിച്ചതും ശ്രദ്ധ നേടിയിരുന്നു. യോജിച്ച സമരം എന്ന ആശയം മുന്നോട്ട് വച്ചത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തിൽ നിന്നും സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. യോജിച്ച സമരത്തിന് ശേഷം എൽഡിഎഫ് ഏകപക്ഷീയമായി സമരങ്ങള്‍ നടത്തി. എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സർക്കാരുമായി യോജിച്ചുള്ള സമരത്തിനെതിരെ എൽഡിഎഫിനുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടക്കം മുതൽ തന്നെ ഈ നീക്കത്തെ എതിർത്തത് വിമർശനങ്ങളും ഉയർത്തിയിരുന്നു. എന്നാൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നതയില്ലെന്നാണ് ചെന്നിത്തല പറയുന്നത്.