നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത്  നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണിത്.

ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്.

തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദ്വിദിന സമരം.

ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.