ഐഎന്‍എല്‍ പിളര്‍ന്നു,പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് വഹാബ് പക്ഷം

0
68

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഐ എന്‍ എല്‍  പിളര്‍ന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വ തീരുമാനം തള്ളിക്കളഞ്ഞാണ്  വഹാബ് പക്ഷം  സംസ്ഥാന കൗൺസിൽ യോഗം വിളിച്ചുചേർത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രൊഫ. എ പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന  കൗണ്‍സില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുല്‍ വഹാബിനെയും ജന.സെക്രട്ട ഇന്‍ ചാര്‍ജായി നാസര്‍കോയ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറര്‍. 120 അംഗ സംസ്ഥാന കൗണ്‍സിലില്‍ 77 അംഗങ്ങളും 20 പോഷക സംഘടനാ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു.  ഭൂരിപക്ഷം തങ്ങൾക്കൊപ്പം  ആണെന്ന്  തെളിയിച്ചതായി വഹാബ് പക്ഷം പറഞ്ഞു.  ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.

ഈ മാസം 25ന് വടകരയില്‍ ചേരുന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനോടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങൾ ആരംഭിക്കും. ഈ മാസം 25 മുതല്‍ മാര്‍ച്ച് 31 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നിശ്ചയിച്ചിരിക്കുന്നത്. ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി 31ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ഐഎന്‍എല്‍ നേതാക്കള്‍ അറിയിച്ചു.