കോവിഡ് 19: കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിൽ കുവൈറ്റിൽ 17 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176 ആയതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച 17 പേരിൽ ഒരാൾ യുഎഇയിൽ നിന്നെത്തിയതാണ്. നാല് പേർ യുകെയിൽ നിന്നെത്തിയവരാണ്. മൂന്ന് പേർ സ്വിറ്റ്സര്‍ലൻഡിൽ നിന്നും ഒരാൾ ഈജിപ്റ്റിൽ നിന്നും എത്തിയതാണ്.

ഒരു ഇന്ത്യക്കാരനും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. യുകെയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച ഒരാളിൽ നിന്നാണ് ഇന്ത്യക്കാരനുൾപ്പെടെ എട്ട് പേരിലേക്ക് വൈറസ് വ്യാപിച്ചത്. ബാക്കി നാല് പേര്‍ സ്വദേശികളും ഒരു ഈജിപ്ഷ്യനും ഫിലിപ്പൈൻ സ്വദേശികളായ രണ്ട് ഗാർഹിക തൊഴിലാളികളുമാണ്.

കുവൈറ്റിൽ രോഗം ബാധ സ്ഥിരീകരിച്ചവരിൽ 27 പേർ ഇതുവരെ രോഗമുക്തി നേടിയതായി കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബസെൽ അൽ സബാഹ് അറിയിച്ചിരുന്നു.