സമാനതകളില്ലാത്ത ജീവ – കാരുണ്യ പ്രവർത്തനങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്ത്വന പ്രവർത്തനവുമായി ജനമനസ്സുകളിലിടം നേടിയ കെഎംസിസി കൊറോണ വ്യാപനത്തിനെതിരെയുള്ള മുൻകരുതലായി കുവൈത്ത് ഭരണകൂടമേർപ്പെടുത്തിയ ഭാഗിക ലോക് ഡൗൺ മൂലം തൊഴിലില്ലായ്മയും മറ്റു പലകാരണങ്ങളാലും ഭക്ഷണത്തിനു പ്രയാസം നേരിട്ടപ്പോൾ അത്തരം ആളുകൾക്ക് ഭക്ഷ്യ ദാന്യങ്ങൾ എത്തിച്ചുകൊണ്ട് ആശ്വാസമാവുകയാണ് കുവൈത്ത് കെഎം. സി.സി.യും. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, വൈസ് പ്രസിഡന്റുമാരായ എൻ . കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, വൈറ്റ് ഗാർഡ് അംഗങ്ങളടക്കമുള്ളവരുടെ നേതൃത്വത്തിൽ കുവൈത്തിലെ വിവിധ ഫുഡ്സ്‌റ്റഫ് കമ്പനികളുമായി സഹകരിച്ച് നൂറുകണക്കിന് ഭക്ഷണ കിറ്റുകൾ തയ്യാറാക്കുകയും ചെയ്തു. കിറ്റുകളുടെ വിതരണത്തിനായി സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികളും പ്രധാന പ്രവർത്തകരും സജീവമായി പ്രവർത്തിച്ചു വരുന്നതായി കണ്ണേത്ത് പറഞ്ഞു. മത-ജാതി, കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രയാസമനുഭവിക്കുന്ന മുഴുവൻ ആളുകൾക്കും ഈ സഹായം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും സ്വന്തം നിലയിലും ഭക്ഷ്യകിറ്റുകളുടെ വിതരണം നടത്തുന്നുണ്ട്. കൂടാതെ ഇവിടെ ശമ്പളം ലഭിക്കാത്തതിനാൽ നാട്ടിൽ കുടുബങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് വിവിധ ഗ്ലോബൽ കെ.എം. സി.സി.കളുമായി സഹകരിച്ചും ഭക്ഷ്യകിറ്റുകൾ എത്തിച്ചു നൽകുന്നുണ്ട്. സ്ഥിരമായി മരുന്നു കഴിക്കുന്നവർക്ക് മരുന്നെത്തിച്ചു നൽകി കുവൈത്ത് കെഎം സി.സി. മെഡിക്കൽ വിങ്ങും സജീവമായി സേവന രംഗത്തുണ്ട്.
( പടം അടിക്കുറിപ്പ് : ഭക്ഷണ കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനത്തിൽ കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും )