കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചാണ് പരിശോധനകൾ നടക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന പരിശോധനകളിൽ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു. അതിനിടെ വിഷാംശമുള്ളതും അപകടകരവുമായ രാസവസ്തുക്കൾ ഉപയോഗിച്ച് ലഹരി നിർമാണത്തിലേർപ്പെട്ടയാൾ പിടിയിൽ. കബ്ദിൽ പ്രദേശത്തെ വാടക കെട്ടിടത്തില്‍ പ്രത്യേക കേന്ദ്രം ഒരുക്കിയാണ് ഇയാൾ ലഹരി വസ്തുക്കൾ നിർമ്മിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് കുവൈത്ത് പൊലീസ് സ്ഥാനം വളഞ്ഞു പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്ന് 25 കിലോ രാസവസ്തു,വിഷ കീടനാശിനികൾ തുടങ്ങിയവ കണ്ടെടുത്തു. ലഹരി വസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.