പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ കുവൈത്തിൽ രക്ഷിതാക്കളും പ്രതിയാകും

0
12

കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികളും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരും വരുത്തിവയ്ക്കുന്ന ട്രാഫിക് അപടകടങ്ങളും നിയമ ലംഘനങ്ങളും വര്‍ധിച്ചുവരുന്നതായി ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ശെയ്ഖ് ഫവാസ് അല്‍ ഖാലിദ്. കഴിഞ്ഞ ദിവസം അല്‍ ഖുറൈന്‍ മാര്‍ക്കറ്റ് ഏരിയയില്‍ മാത്രം നടത്തിയ പരിശോധനയില്‍ 312 ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 22 പേരും ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത കുട്ടികളാണെന്നും അദ്ദേഹം അറിയിച്ചു.ഇങ്ങനെ കുട്ടികള്‍ ഉള്‍പ്പെടുന്ന ട്രാഫിക് ലംഘന കേസുകളില്‍ രക്ഷിതാക്കളെ ക്രിമിനല്‍ കുറ്റത്തിന് പ്രതിചേര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അല്‍ ജരീദ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ നടത്തുന്ന ട്രാഫിക് ലംഘനങ്ങളില്‍ കുടുംബങങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നതിനാലാണിത്. ട്രാഫിക് ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട കുട്ടികളെ ജുവനൈല്‍ കോടതിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. പരിശോധനയില്‍ 12 കാറുകളും മൂന്ന് മോട്ടോര്‍ ബൈക്കുകളുമാണ് റോഡ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പോലീസ് പിടിച്ചെടുത്തത്. കുട്ടികള്‍ നിയമ വിരുദ്ധമായി വാഹനമോടിക്കുന്നത് തടയുന്നതിനുള്ള ശക്തമായ നടപടികള്‍ ട്രാഫിക് വിഭാഗം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു